വ്യോമാക്രവ്യോമാക്രമണം ശക്തം; ഖാൻ യൂനിസ് നഗരമധ്യത്തിൽ ഇസ്രായേൽ പ്രവേശിച്ചു.

ഗാസ: വ്യോമാക്രമണം തുടരുന്നതിനിടെ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗര മധ്യത്തിലേക്ക് ഇസ്രയേൽ ടാങ്കുകൾ പ്രവേശിച്ചു. ഖാന്‍ യൂനിസില്‍ ഇന്നലെ നടന്ന ആക്രമണത്തിലാണ് 10 പാലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ നിരവധി ഹമാസ് അംഗങ്ങള്‍ സൈനികര്‍ക്ക് കീഴടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. വ്യോമയുദ്ധവും കനത്തതോടെ ആയിരക്കണക്കിനു ജനങ്ങൾ പലായനം ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ട്. മരണ സംഖ്യ ഇതുവരെ 18,000 കടന്നതായി ഗാസ ആരോഗ്യവകുപ്പു അറിയിച്ചു. ഇസ്രായേൽ ഹമാസ് യുദ്ധം തുടങ്ങിയിട്ട് ഇപ്പോൾ 66 ദിവസം പിന്നിട്ടു.

ഗാസയിൽ നിന്നു പലസ്തീൻ ജനതയെ പൂർണമായും ഒഴിപ്പിക്കാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്ന് ജോർദാൻ വിമർശിച്ചു. ഗാസയിലെ സ്ഥിതി വിലയിരുത്തുന്നതിനു രാജ്യാന്തര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നു റഷ്യ ആവശ്യപ്പെട്ടു. എത്ര തവണ പരാജയപ്പെട്ടാലും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രഖ്യാപിച്ചു. ഗാസയില്‍ വീണ്ടും വെടിനിര്‍ത്തലിനും, കൂടുതല്‍ ബന്ദികളെയും തടവുകാരെയും മോചിപ്പികാനും സാധ്യമാകും വിധം മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നതായി ഇന്നലെ ദോഹ ഫോറത്തില്‍ പങ്കെടുത്ത ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ആല്‍ ഥാനി. ഇസ്രായേല്‍ ആക്രമണം തുടരുമ്പോഴും പ്രതീക്ഷ കൈവിടാതെ നല്ലൊരു ഫലത്തിന് വേണ്ടി ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം തുടരുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ പറഞ്ഞു.

ഗാസ മേഖലയിലെ ഹമാസ് ഭരണം തകരാന്‍ തുടങ്ങുകയാണെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഷെജയ്യയിലും ജബലിയയിലുമായി നിരവധി ഹമാസ് അംഗങ്ങള്‍ കീഴടങ്ങി. കീഴടങ്ങിയവര്‍ ആയുധങ്ങള്‍ കൈമാറുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഹമാസിനൊപ്പം ചേര്‍ന്ന് പുതിയ യുദ്ധമുഖം തുറന്നാല്‍ തെക്കന്‍ ലെബനനും ബെയ്‌റൂട്ടും തകര്‍ക്കുമെന്ന് ഹിസ്ബുള്ളയ്ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഹിസ്ബുള്ളയുമായി വെടിവെപ്പു തുടരുന്ന ലെബനന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡന്റ് ആസ്ഥാനം സന്ദര്‍ശിക്കവെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയതുമുതല്‍ ഇസ്രയേലിനെതിരേ തങ്ങളും യുദ്ധത്തിനിറങ്ങുമെന്ന് ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ള നിലപാടെടുത്തിരുന്നു. നേരിട്ട് യുദ്ധത്തിനിറങ്ങാതെ ലെബനീസ് അതിര്‍ത്തിയില്‍നിന്ന് വടക്കന്‍ ഇസ്രയേലിലേക്ക് ആക്രമണവും നടത്തുന്നുണ്ട്. ഏതാനും ഇസ്രയേല്‍ സൈനികർ ഹിസ്ബുള്ളയുടെ ആദ്യത്തെ ആക്രമണത്തില്‍ മരിച്ചു. പ്രത്യാക്രമണങ്ങളില്‍ ഹിസ്ബുള്ളയ്ക്കും വലിയ ആള്‍നഷ്ടമുണ്ടായി. ലെബനീസ് അതിര്‍ത്തിയില്‍നിന്ന് ഇസ്രയേലിനുനേരെ ഹിസ്ബുള്ള നടത്തുന്ന ആക്രമണം ഇതുവരെയുള്ളതുപോലെ പരിമിതതോതിലായിരിക്കില്ലെന്ന് ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ള നേരത്തെ മുന്നറിയിപ്പുനല്‍കിയിരുന്നു. ഹമാസിന്റെ ആക്രമണം ശരിയും നീതിയുക്തവുമാണെന്നും പറഞ്ഞ അദ്ദേഹം യുദ്ധത്തിന് കാരണം യു.എസ്. ആണെന്നും ആരോപിച്ചിരുന്നു.