കുടിയേറ്റം കുറയ്ക്കാൻ ഓസ്ട്രേലിയ; വീസ നിയമങ്ങൾ കർശനമാക്കും.

കാൻബെറ: ഓസ്‌ട്രേലിയയിൽ രണ്ട് വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് പകുതിയായി കുറയ്ക്കുമെന്ന് സർക്കാർ. 2025 ജൂണോടെ വാർഷിക കുടിയേറ്റം 250,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം. ഇതിനായി രാജ്യാന്തര വിദ്യാർഥികൾക്കും കുറഞ്ഞ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കുമുള്ള വീസ നിയമങ്ങൾ കർശനമാക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 10 വർഷത്തേക്കുള്ള പുതിയ ഇമിഗ്രേഷൻ നയമാണ് സർക്കാർ രൂപീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി ക്ലെയർ ഒ നീൽ വ്യക്തമാക്കി. സമീപകാലത്ത് ഓസ്‌ട്രേലിയയിൽ കുടിയേറ്റം റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും താമസ സൗകര്യത്തിനുള്ള ലഭ്യതയുമെല്ലാം സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ഈ വർഷം ആദ്യം നടത്തിയ അവലോകനത്തിൽ, കുടിയേറ്റ നയം വളരെ മോശമാണെന്ന വിലയിരുത്തലാണ് ഉണ്ടായിരുന്നത്. സങ്കീർണ്ണവും മന്ദഗതിയിലുള്ളതും കാര്യക്ഷമമല്ലാത്തതും നയത്തിൽ കാര്യമായ പരിഷ്കരണം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. 2023 ജൂൺ വരെ ഒരു വർഷത്തിൽ 5,10,000 ആളുകൾ ഓസ്‌ട്രേലിയയിൽ എത്തി. ഇവരുടെ എണ്ണം കുറച്ച് രാജ്യത്തിന് ആവശ്യമായ ആളുകളെ മാത്രം സ്വീകരിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി വാർഷിക കുടിയേറ്റം 50% കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക തൊഴിലാളികൾ അല്ലെങ്കിൽ പരിചരണ തൊഴിലാളികൾ പോലുള്ള ‘സ്പെഷ്യലിസ്റ്റ്’ അല്ലെങ്കിൽ രാജ്യത്തിന് അത്യാവശ്യമുള്ള കഴിവുകളുള്ള കുടിയേറ്റക്കാർക്കുള്ള വീസയും സ്ഥിരതാമസത്തിനുള്ള മികച്ച സാധ്യതകളും ഉറപ്പുവരുത്തുന്നതിന് സർക്കാർ ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ നയങ്ങൾ ഓസ്‌ട്രേലിയയ്‌ക്ക് ആവശ്യമായ കൂടുതൽ തൊഴിലാളികളെ ആകർഷിക്കുകയും രാജ്യത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരും പഠിക്കുന്നവരും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഒ നീൽ പറഞ്ഞു.

പുതിയ നടപടികളിൽ രാജ്യാന്തര വിദ്യാർഥികൾക്കുള്ള മിനിമം ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനവും രണ്ടാമത്തെ വീസയ്ക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിലുള്ള കൂടുതൽ സൂക്ഷ്മപരിശോധനയും ഉൾപ്പെടുന്നു. ഏതെങ്കിലും തുടർ പഠനം അവരുടെ അക്കാദമിക് അഭിലാഷങ്ങളെയോ അവരുടെ കരിയറിനെയോ മുന്നോട്ട് കൊണ്ടുപോകുമെന്ന് അവർ തെളിയിക്കണം. ഔദ്യോഗിക കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയയിൽ ഏകദേശം 650,000 വിദേശ വിദ്യാർഥികളുണ്ട്, അവരിൽ പലരും രണ്ടാം വീസയിലാണ് രാജ്യത്ത് എത്തിയിരിക്കുന്നത്.

കോവിഡിൽ നിന്ന് കരകയറാൻ ഓസ്‌ട്രേലിയയെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്ത കുടിയേറ്റ നയങ്ങൾ ക്രമീകരിക്കുന്നതിൽ സർക്കാർ വളരെ മന്ദഗതിയിലായിരുന്നുവെന്ന് പ്രതിപക്ഷ കുടിയേറ്റ വക്താവ് ഡാൻ ടെഹാൻ വിമർശിച്ചു.