ഇന്ത്യ തേടുന്ന ഭീകരർ പാക്കിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെടുന്നു.

ഇന്ത്യ തേടുന്ന ഭീകരർ പാക്കിസ്ഥാനിൽ അജ്ഞാതരാൽ കൊല്ലപ്പെടുന്നു.

ഇസ്ലാമബാദ്: കഴിഞ്ഞ ഒരുമാസത്തിനിടക്ക് പാക്കിസ്ഥാനിൽ മൂന്ന് ഭീകരർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയ ആരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം. എതിർ ഗ്രൂപ്പുകളൊന്നും ഉത്തരവാദിത്തമേറ്റെടുത്ത് രം​ഗത്തെത്തിയിട്ടുമില്ല. സമീപകാലത്ത് കൊല്ലപ്പെട്ട മൂന്ന് പേരും ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യ തേടുന്നവരാണെന്നതും പ്രധാനപ്പെട്ട വസ്തുതയാണ്. ജെയ്ഷെ മുഹമ്മദിന്റെ ബുദ്ധികേന്ദ്രങ്ങളിലൊരാളായ ഷാഹിദ് ലത്തീഫ്, ലഷ്‌കറെ ത്വയ്ബയുടെ മുൻ കമാൻഡർ അക്രം ഖാൻ, ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ ഉറ്റസുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖ് എന്നിവരാണ് വെറും ഒരുമാസത്തിനുള്ളിൽ അജ്ഞാതരാൽ കൊല്ലപ്പെട്ടത്. പാക് രാഷ്ട്രീയത്തിൽ സ്വാധീനമുള്ള ശക്തരായിരുന്നു ഇവരൊക്കെ.

ഒക്ടോബർ 10- ന് ഷാഹിദ് ലത്തീഫ് എന്ന ഭീകരൻ കൊല്ലപ്പെട്ടു. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലെ പ്രധാനിയായിരുന്നു ഷാഹിദ്. ഇന്ത്യയെ നടുക്കിയ പത്താൻകോട്ട് സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫായിരുന്നു. പള്ളിയിലെ പ്രാർത്ഥനക്കിടെയിൽ ആയുധധാരികളായ സംഘം പള്ളിയിൽ കയറി ഇയാൾക്ക് നേരെ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 1999-ൽ ഇന്ത്യൻ എയർലൈൻസ് വിമാനം കാണ്ഡഹാറിലേക്ക് ഭീകരർ തട്ടിക്കൊണ്ടുപോയപ്പോൾ, തീവ്രവാദികൾ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടവരിൽ ഒരാളായിരുന്നു ഷാഹിദ് ലത്തീഫ്.

നവംബർ ഒമ്പതാം തീയതി ലഷ്‌കറെ ത്വയ്ബയുടെ മുൻ കമാൻഡർ അക്രം ഖാനും അജ്ഞാതരാൽ വെടിയേറ്റ് കൊല്ലപ്പെട്ടു. അക്രം ഗാസി എന്ന പേരിൽ അറിയപ്പെടുന്ന അക്രം ഖാനെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ അജ്ഞാതരായ അക്രമികൾ വെടിവച്ചു കൊന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. 2018 മുതൽ 2020 വരെ ലഷ്കറിന്റെ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ തലവനും ​ഗാസിയായിരുന്നു. കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ റിക്രൂട്ട് ചെയ്യുന്നത് ​ഗാസിയാണെന്നാണ് ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വാദം.

നവംബർ 13-നു ജെയ്‌ഷെ മുഹമ്മദ് ഭീകരനും മൗലാന മസൂദ് അസറിന്റെ ഉറ്റസുഹൃത്തുമായ മൗലാന റഹീമുല്ലാ താരിഖിനെ കറാച്ചിയിലെ ഒറംഗി ടൗണിൽവെച്ച് അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു താരിഖും. ഇന്ത്യയുടെ മനസ്സിൽ ഉണങ്ങാത്ത മുറിപ്പാടായ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസ്ഹറിന്റെ വലംകൈയായിരുന്നു റഹീമുല്ലാ താരിഖ്. അതുകൊണ്ടുതന്നെ മുംബൈ ഭീകരാക്രമണത്തിൽ ഇന്ത്യൻ ഏജൻസികളുടെ നോട്ടപ്പുള്ളികളിൽ ഒരാളായിരുന്നു ഇയാൾ.

ഈ മൂന്ന് കൊലപാതകങ്ങൾ കൂടാതെ നവംബർ ഏഴിന്, 2018-ൽ ജമ്മു കശ്മീരിലെ സുഞ്ജുവാനിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ കമാൻഡറായ മിയ മുജാഹിദ് എന്ന ഖ്വാജ ഷാഹിദിനെ തട്ടിക്കൊണ്ടുപോയി ശിരച്ഛേദം ചെയ്‌ത നിലയിൽ കണ്ടെത്തിയിരുന്നു. പാക് അധീന കശ്മീരിൽ നിന്നാണ് മിയ മുജാഹിദിന്റെ മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബർ എട്ടിന് ധാൻഗ്രി ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന അബു ഖാസിം എന്ന റിയാസ് അഹമ്മദും പാക് അധീന കശ്മീരിലെ ഒരു പള്ളിയിൽ വെടിയേറ്റു മരിച്ചു. ഫെബ്രുവരി 21ന് ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഇംതിയാസ് ആലം ​​എന്നറിയപ്പെടുന്ന ബഷീർ അഹമ്മദ് പീറിനെ റാവൽപിണ്ടിയിൽ വച്ച് കൊലപ്പെടുത്തിയതാണ് മറ്റൊരു സംഭവം. ഇത്രയും ഭീകരർ തുടർച്ചയായി കൊല്ലപ്പെട്ടിട്ടും ആരും ഉത്തരവാദിത്തം ഏറ്റെടുത്ത് രം​ഗത്തെത്തിയിട്ടില്ല.

എന്നാൽ, ഈ ഭീകരരുടെ കൊലക്ക് പിന്നിൽ ഇന്ത്യയാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ രാജ്യാതിർത്തിക്കുള്ളിൽ കടന്ന് പാക് പൗരന്മാരെ കൊല്ലുകയാണെന്ന് പാക്കിസ്ഥാൻ ആരോപിച്ചു.