കളമശ്ശേരി സ്‌ഫോടനം; മരണസംഖ്യ മൂന്നായി.

കളമശേരി സ്ഫോടനം: മരണസംഖ്യ നാലായി; പ്രതിയെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന മലയാറ്റൂർ സ്വദേശി ലിബിന(12) ആണ് മരിച്ചത്. സ്‌ഫോടനത്തിൽ ലിബിനയ്‌ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ഇന്ന് പുലർച്ചെ 12.40-ഓടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി (53) എന്നിവരാണ് സ്‌ഫോടനത്തിൽ മരിച്ച മറ്റ് രണ്ട് പേർ. നിലവിൽ 25-ഓളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. നിലവിൽ 18 പേരാണ് ഐസിയുവിലുള്ളത്. അവരിൽ 6 പേരുടെ നില ഗുരുതരമാണ്.

കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് ഇന്നലെ രാവിലെ 9.40ഓടെ സ്ഫോടനം നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എറണാകുളം കവടന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയിലുള്ള ഡൊമിനിക് മാര്‍ട്ടിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ചോദ്യം ചെയ്യലിനിടെ മാര്‍ട്ടിന്‍ ഡൊമിനിക്കില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. സ്ഫോടനം നടത്തുന്നത് കണ്ടുപഠിച്ചത് യൂട്യൂബ് വഴിയാണെന്ന് ഡൊമിനിക് മൊഴി നല്‍കി.

സ്ഫോടനം നടന്ന കണ്‍വെന്‍ഷന്‍ സെന്‍ററില്‍ എന്‍ഐഎ, എന്‍എസ് ജി അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന ആരംഭിച്ചു. രാത്രിയോടെയാണ് ദില്ലിയില്‍നിന്നും അന്വേഷണ സംഘാംഗങ്ങള്‍ കൊച്ചിയിലെത്തി പരിശോധന തുടങ്ങിയത്. സ്ഫോടനം നടന്ന ഹാളില്‍ വിശദമായ പരിശോധനയാണ് സംഘം നടത്തുന്നത്.