സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് ഇന്ത്യ; ഇന്ന് 77-ാം സ്വാതന്ത്ര്യദിനം.

ന്യൂ ഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തിരക്കിലാണ് നമ്മുടെ രാജ്യം. ഇന്ത്യയൊട്ടാകെ വിവിധ ആഘോഷ പരിപാടികളാണ് നടക്കുക. രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീരന്മാരുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യയായി. തുടർന്ന് 1948 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഒന്നാം വാർഷികം നടന്നു. ആ കണക്കുകൂട്ടൽ പ്രകാരം 2023-ൽ ഇത് സ്വാതന്ത്ര്യത്തിന്റെ 76-ാം വർഷം കുറിക്കും. അതായതു സ്വാതന്ത്ര്യം ലഭിച്ചിട്ട് 76 വർഷം പൂർത്തിയായി. ഈ വർഷം ഓഗസ്റ്റ് 15 സ്വതന്ത്ര ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യ ദിനമായിരിക്കും.

1947 ഓഗസ്റ്റ് 15 അർദ്ധരാത്രിയിലാണ് ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ 200 വർഷത്തിലേറെ സമയമെടുത്തു. 1947 ഓഗസ്റ്റ് 15 -ന് രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആദ്യമായി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തി. അതിനുശേഷം എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നു.

77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. തുടർച്ചയായ പത്താം തവണയാണ് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത്. സെൻട്രൽ വിസ്ത നിർമ്മാണ തൊഴിലാളികൾ അടക്കമുള്ള 1800 പേർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രത്യേക ക്ഷണിതാക്കളാകും. വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ 9 വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിവരിക്കുന്നതിനൊപ്പം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളും സ്വാതന്ത്ര്യ ദിനത്തിൽ മോദി നടത്തിയേക്കും. ദില്ലി ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും അതിർത്തി പ്രദേശങ്ങളിലും സ്വാതന്ത്ര്യത്തോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തൊടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 9 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിക്കും. രാജ്ഭവനിൽ രാവിലെ 9.30 ക്ക് ഗവർണ്ണർ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീർ പതാക ഉയർത്തും. വിവിധ പാർട്ടി ആസ്ഥാനങ്ങളിലും സർക്കാർ ഓഫീസികളിലും ദേശീയ പതാക ഉയർത്തും.