വിമാനം പൊട്ടിത്തെറിക്കുമെന്ന ഭീഷണിയുമായി യാത്രക്കാരൻ; സിഡ്‌നിയിൽ നിന്നും പറന്ന വിമാനം തിരിച്ചറക്കി.

വിമാനം പൊട്ടിത്തെറിക്കുമെന്ന ഭീഷണിയുമായി യാത്രക്കാരൻ; സിഡ്‌നിയിൽ നിന്നും പറന്ന വിമാനം തിരിച്ചറക്കി.

സിഡ്‌നി: യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയതിനെ തുടർന്ന് സിഡ്‌നിയിൽ നിന്ന് മലേഷ്യയിലേക്കുള്ള വിമാനം സിഡ്‌നിയിൽ എയർപോർട്ടിൽ അടിയന്തിര ലാന്റിംഗ് നടത്തി . മലേഷ്യൻ എയർലൈൻസിന്റെ ‘എംഎച്ച് 122’ വിമാനം ഉച്ചയ്‌ക്ക് 1:40-ന് സിഡ്‌നിയിൽ നിന്ന് പറന്നുയർന്നു. എന്നാൽ, രണ്ട് മണിക്കൂറിന് ശേഷം 3:47 -ന് വിമാനം സിഡ്‌നിയിലെ അതേ റൺവേയിൽ തിരികെ ഇറക്കി. 199 യാത്രക്കാരും 12 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

പുറത്തു ബാഗ് തൂക്കിയ 45 വയസ്സുള്ള യാത്രക്കാരൻ സഹയാത്രികരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘വിമാനം പൊട്ടിത്തെറിക്കും’ എന്നാണ് ഇയാൾ പറയുന്നത്. സുരക്ഷയെക്കരുതി വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ ഫ്ലൈറ്റ് കമാൻഡ‍ർ തീരുമാനിക്കുകയായിരുന്നെന്നു വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. ഈ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നാണു റിപ്പോർട്ട്. പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ വിമാനം ലാൻഡ് ചെയ്തയുടൻ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനം തിരിച്ചിറങ്ങിയതിനെ ‘അടിയന്തര സാഹചര്യം’ എന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് വിശേഷിപ്പിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്നും വേറെ പ്രശ്നങ്ങളില്ലെന്നും പൊലീസ് അറിയിച്ചു.