യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്.

യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്.

ന്യൂയോർക്: യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച യോഗ അഭ്യാസച്ചടങ്ങിന് ഗിന്നസ് റെക്കോർഡ്. ഒരു യോഗ അഭ്യാസത്തിൽ, ഏറ്റവുമധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തതിനാണ് റെക്കോർഡ്. യുഎൻ ആസ്ഥാനത്തിന് മുന്നിലെ മഹാത്മാ ഗാന്ധി പ്രതിമയിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയത്. ഇന്ത്യ മുന്നോട്ട് വെച്ച യോഗ ദിന ആശയം വിജയിപ്പിക്കാൻ ഒരിക്കൽ കൂടി ലോകം ഒരേ മനസോടെ മുന്നോട്ട് വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ന്യൂയോർക് മേയറും യുഎൻ ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരാണ് യോഗാ ദിനാചരണത്തിനാണ് യുഎൻ ആസ്ഥാനത്തെത്തിയത്.

180-ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവരാണ് യോഗ അഭ്യാസത്തിന്റെ ഭാഗമായത്. ഒൻപതാമത് രാജ്യാന്തര യോഗദിന സമ്മേളനത്തിന്റെ ഭാഗമായാണ് യുഎസ് ആസ്ഥാനത്ത് മോദി, യോഗയ്ക്ക് നേതൃത്വം നൽകിയത്.

ഇന്ന് (ജൂൺ 22 ന്) വൈറ്റ് ഹൗസിൽ ആചാരപരമായ സ്വീകരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. പ്രസിഡന്റ് ബൈഡനുമായി ഉന്നതതല കൂടിക്കാഴ്ച നടത്തും. പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സ്റ്റേറ്റ് ഡിന്നർ സംഘടിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇന്ന് യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ടെസ്‌ല ഇന്ത്യയില്‍ എത്തും, ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്ക് പറയുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. ഇന്ത്യയിൽ കാര്യമായ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവിയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മസ്ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

ടെസ്ല മേധാവി ഇലോൺ മസ്കുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യൻ വ്യവസായ രം​ഗം ഏറെ ആകാക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കക്ക് പുറത്തുള്ള ഇലക്ട്രിക് കാർ നിർമാണ കേന്ദ്രമായി ടെസ്‌ല ഇന്ത്യയെ തെരഞ്ഞെടുക്കുമോ എന്നതാണ് ആകാംക്ഷക്ക് കാരണം. ഇന്ത്യയിൽ ടെസ്‌ല പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ ആവശ്യം.