ഒഡിഷയിലെ ട്രെയിന്‍ ദുരന്തം; മരണം 261 ആയി.

ഒഡിഷയിലെ ട്രെയിന്‍ ദുരന്തം; മരണം 261 ആയി.

ബാലസോർ (ഒഡീഷ): ഒഡീഷയിലെ ബാലസോർ ട്രെയിൻ അപകടത്തിൽ മരണം 261 ആയി. ഇന്നലെ 7 മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ 1000-ലേറെ പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇത്രയധികം പേരുടെ മരണത്തിന് ഇടയാക്കിയത് മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ 2 ട്രെയിൻ അപകടങ്ങളാണ്. മൊത്തം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. വൈകീട്ട് 6.55 -ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ അപകട സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഇന്ന് (ശനിയാഴ്ച) വൈകിട്ട് 3.45 ഓടെയാണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ അപകടസ്ഥലത്ത് എത്തിയത്. പിന്നീട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പം അദ്ദേഹം ദുരന്ത സ്ഥലം സന്ദർശിച്ചു. അശ്വിനി വൈഷ്ണവും വിവിധ രക്ഷാപ്രവർത്തക സംഘങ്ങളിലെ ഉദ്യോഗസ്ഥരും തൽസ്ഥിതി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലൊന്ന് നടന്ന ബാലസോറിൽ, അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ നടത്തിയത് കൈമെയ് മറന്നുള്ള രക്ഷാപ്രവർത്തനം. ദേശീയ ദുരന്ത നിവാരണ സേന, ഒഡീഷ സംസ്ഥാന ദ്രുതകര്‍മ സേന, വിവിധ അഗ്നിരക്ഷാ സേനകള്‍, പൊലീസ് സംഘം, ഡോഗ് സ്ക്വാഡ് എന്നിങ്ങനെ നിരവധി ടീമുകളിൽനിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ദൗത്യത്തിലുടനീളം പങ്കെടുത്തത്. യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ സൈന്യവും പങ്കാളികളായി. ഇന്ത്യന്‍ വ്യോമസേന എംഐ-17 ഹെലികോപ്റ്ററുകൾ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയിരുന്നു. ജീവന്‍ രക്ഷിക്കുന്നതിനു തന്നെയാണ് പ്രഥമ പരിഗണനയെന്നു രക്ഷാപ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ തന്നെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കിയിരുന്നു. അങ്ങേയറ്റം ദാരുണമായ അപകടമാണു നടന്നതെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഒറ്റ രാത്രികൊണ്ട് അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ പരിശ്രമിച്ച നാട്ടുകാര്‍ക്കും പ്രാദേശിക സംഘങ്ങള്‍ക്കും രക്ഷാസംഘങ്ങള്‍ക്കും നവീന്‍ പട്നായിക് നന്ദി അറിയിക്കുകയും ചെയ്തു.