യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഓസ്ട്രേലിയ.

യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഓസ്ട്രേലിയ.

ക്ഷേത്രങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ കർശന നടപടിയെന്ന് ഓസ്ട്രേലിയ.

സിഡ്നി: ഐക്യരാഷ്‌ട്ര സഭാ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ശക്തമായ പിന്തുണ നൽകുമെന്ന് ഓസ്‌ട്രേലിയ. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയാണ് ഇത് സംബന്ധിച്ചുള്ള വാർത്ത അറിയിച്ചത്. സിഡ്നിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിയുമായി നടന്ന കൂടിക്കാഴ്ചയിൽ നിരവധി ആഗോള വിഷയങ്ങളിൽ ചർച്ച നടന്നു. ആഗോള തെക്കൻ മേഖലാ രാജ്യങ്ങൾ, ക്വാഡ്, റഷ്യ-യുക്രൈൻ സംഘർഷം, ഐക്യരാഷ്‌ട്ര സഭാ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തതായി വിനയ് ക്വാത്ര പറഞ്ഞു.

ഓസ്ട്രേലിയ സന്ദർശനത്തിന്റെ മൂന്നാംദിവസം ഇരു പ്രധാനമന്ത്രിമാരും ഏതാനും കരാറുകൾ ഒപ്പുവച്ചു. ഇരു രാജ്യങ്ങളിലെയും വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പഠനാവസരം തുറന്നുകൊടുക്കുന്ന കുടിയേറ്റ സഹകരണ കരാർ (മൈഗ്രേഷൻ മൊബിലിറ്റി പാർട്ണർഷിപ് എഗ്രിമെന്റ്) നിലവിൽ വന്നു. വിദ്യാർഥികൾക്കു പുറമേ വ്യവസായ മേഖലയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റത്തിന് കരാർ ലക്ഷ്യമിടുന്നു. ഇന്ത്യ– ഓസ്ട്രേലിയ വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറിനും (സിഇസിഎ) തീരുമാനമായി. പുനരുപയോഗ ഇന്ധനത്തിന്റെ മേഖലയിൽ പുതിയ അവസരങ്ങൾ തുറക്കുന്ന ഗ്രീൻ ഹൈഡ്രജൻ ടാസ്ക്ഫോഴ്സിന്റെ കാര്യത്തിലും കരാറായി. ഇന്ത്യയിൽ ടെലികോം, ഡിജിറ്റൽ, സെമികണ്ടക്ടർ മേഖലകളിൽ നിക്ഷേപം നടത്താൻ ഓസ്ട്രേലിയൻ വ്യവസായികളെ നരേന്ദ്ര മോദി ക്ഷണിച്ചു. വ്യവസായ സമൂഹത്തെ അഭിസംബോധന ചെയ്യവെ നിക്ഷേപരംഗത്ത് നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയതായും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തിലെ പുരോഗതി ട്വന്റി ട്വന്റി ക്രിക്കറ്റുപോലെ വേഗമുള്ളതാണെന്ന് മോദി പറഞ്ഞു.

ഓസ്ട്രേലിയയിൽ ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതും ഖലിസ്ഥാൻ അനുകൂല ശക്തികൾ പ്രവർത്തിക്കുന്നതും തടയാൻ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുലഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വിഘടനവാദികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിച്ചെന്നും ഭാവിയിലും അതു തുടരുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി പറഞ്ഞു.

ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഒന്നായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസീസ് സന്ദർശനം. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ച ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസി, മോദി അസാമാന്യമായ ഊർജ്ജമുള്ളയാളെന്നും പറഞ്ഞു.

‘ഒൻപത് വർഷത്തിനിടെ രണ്ട് തവണ ഓസ്ട്രേലിയ സന്ദർശിക്കാനായതിൽ സന്തോഷമുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷം. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന് ആധാരം. ജനാധിപത്യ ബോധവും ഇരു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നു. ഭാരതത്തിന്റെ വൈവിധ്യത്തെ സ്വീകരിച്ച ഓസ്ട്രേലിയയുടെ ഹൃദയവിശാലതയെ പ്രകീർത്തിച്ചാൽ മതിയാവില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണ്. 150 രാജ്യങ്ങൾക്ക് കൊവിഡ് കാലത്ത് ഇന്ത്യ സഹായം നൽകി. ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി,’ – എന്നും മോദി പറഞ്ഞു. സിഡ്നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി.