എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 80 രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ മേളയുടെ ഭാഗമാകും.

എയ്റോ ഇന്ത്യ 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 80 രാജ്യങ്ങളിൽനിന്നുള്ള കമ്പനികൾ മേളയുടെ ഭാഗമാകും.

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോസ്‌പേസ്, ഡിഫൻസ് എക്‌സിബിഷനായ എയ്‌റോ ഇന്ത്യയുടെ (Aero India) 14-ാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്തു. യെലഹങ്കയിലെ എയർഫോഴ്‌സ് സ്‌റ്റേഷനിൽ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. പരിപാടിയുടെ ഭാ​ഗമായി എയർ ഷോയും സംഘടിപ്പിച്ചു. ഉദ്ഘാടനദിനത്തിൽ ഇന്ത്യയുടെ അഭിമാനമായ തേജസ് ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ ആകാശത്ത് കരുത്തുകാട്ടി. ലോകത്തെ അത്യാധുനിക, അമേരിക്കൻ യുദ്ധവിമാനങ്ങളായ ‘എഫ്-35, ‘എഫ്-35 എ’ എന്നിവയും ശക്തിപ്രകടിപ്പിച്ചു.

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഷോയിൽ വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും പ്രദർശനങ്ങളും ഉണ്ടാകും. ബഹിരാകാശ രംഗത്തെയും, പ്രതിരോധ രം​ഗത്തെയും വിവിധ കമ്പനികൾ മേളയുടെ ഭാ​ഗമാകും. ”ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റണ്‍വേ” (The Runway to a Billion Opportunities) എന്നാണ് എയ്‌റോ ഇന്ത്യ 2023 ന്റെ തീം. പൊതു- സ്വകാര്യ മേഖലയിലെ വിമാനക്കമ്പനികളും ആയുധ നിർമാണ കമ്പനികളും പങ്കാളികളാവും. എച്ച്.എ.എൽ, ബെൽ തുടങ്ങിയവക്കൊപ്പം ഇന്ത്യയുമായി റഫാൽ വിമാന ഇടപാട് നടത്തുന്നന ദസോ ഏവിയേഷൻ, അമേരിക്കൻ കമ്പനിയായ ലോക്ഹീൽഡ് മാർട്ടിൻ, എയർ ബസ്, ബോയിങ്, ഇസ്രായേൽ എയ്റോ സ്‍പേസ് ഇൻഡസ്ട്രി തുടങ്ങിയവയടക്കം 80 രാജ്യങ്ങളിൽനിന്നുള്ള 811 കമ്പനികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവയിൽ 701 ഇന്ത്യൻ കമ്പനികളും 110 വിദേശ കമ്പനികളും ഉൾപ്പെടും.

ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി സ്മരണികാ സ്റ്റാമ്പുകളും (commemorative stamps) പ്രകാശനം ചെയ്തു. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ സാധ്യതകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച വേദിയാണ് എയ്‌റോ ഇന്ത്യ ഷോ എന്ന് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അതിവേഗം പ്രതിരോധരംഗത്ത് വളർച്ച കൈവരിക്കുകയാണെന്നും തദ്ദേശീയമായി നിർമിച്ച പ്രതിരോധ നിർമാണ ഫാക്ടറികൾ ആത്മനിർഭർ ഭാരതിന്റെ ഉദാഹരണങ്ങളാണെന്നും മോദി പറഞ്ഞു. ഇപ്പോൾ 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. പ്രതിരോധ, ബഹിരാകാശ മേഖലകളിൽ ഇന്ത്യയുടെ സാധ്യതകളും കഴിവുകളും പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് എയ്റോ ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ചുദിവസത്തെ പരിപാടിയിൽ ഇന്ത്യ 75,000 കോടി രൂപയുടെ പ്രതിരോധ കരാറുകളിൽ ഏർപ്പെടുമെന്നാണ് കരുതുന്നത്. കേന്ദ്രപ്രതിരോധ മന്ത്രാലയവും പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ.യും സംയുക്തമായാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്.