അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു.

അമേരിക്കന്‍ ആകാശത്ത് അജ്ഞാത വസ്തു പ്രത്യക്ഷപ്പെടുന്നത് പതിവാകുന്നു.

വാഷിങ്ടണ്‍: ആകാശത്ത് പറന്നു നടക്കുന്ന അഞ്ജാത വസ്തുക്കൾ അമേരിക്കയെ പരിഭ്രാന്തിയിലാക്കുകയാണ്. ഇന്നലെ പുലർച്ചെ അമേരിക്ക – കാനഡ അതിർത്തിക്ക് സമീപം മിഷിഗണിലെ ഹ്യൂറോൺ തടാകത്തിന് മുകളിലൂടെ സഞ്ചരിച്ച ഒരു പേടകം കൂടി സൈന്യം വെടിവെച്ചിട്ടിരുന്നു. കഴിഞ്ഞ ഒരു ആഴ്ചയിൽ നാലാമത്തെ അജ്ഞാത പേടകമാണ് അമേരിക്കൻ സൈനിക നടപടിക്ക് വിധേയമായി നിലം പതിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വെടിവെച്ചിടാന്‍ അനുമതി നല്‍കിയതിനെത്തുടര്‍ന്ന് എഫ്. 16 പോര്‍വിമാനങ്ങളുപയോഗിച്ച് നിര്‍വീര്യമാക്കുകയായിരുന്നു. ചരടുകള്‍ തൂങ്ങിക്കിടക്കുന്ന വിധത്തില്‍ അഷ്ടഭുജ ആകൃതിയിലാണ് പുതിയതായി കണ്ടെത്തിയ വസ്തു. അമേരിക്കന്‍ ഭൗമോപരിതലത്തില്‍നിന്ന് ഏകദേശം ആറായിരം മീറ്റര്‍ ഉയരത്തിലായിരുന്നു ഇതുണ്ടായിരുന്നത്. അമേരിക്കന്‍ നീക്കങ്ങളെ നിരീക്ഷിക്കാന്‍ കഴിയുന്നതാണോ വസ്തു എന്ന് ഉറപ്പിക്കാന്‍ യു.എസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചിട്ടതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞദിവസം അലാസ്‌കന്‍ ആകാശത്ത് കണ്ടെത്തിയ അജ്ഞാതവസ്തു വെടിവെച്ചിട്ടതിനു പിന്നാലെ കാനഡയുടെ വ്യോമമേഖലയിലൂടെ പറന്ന അജ്ഞാതപേടകത്തെയും യു.എസ്. യുദ്ധവിമാനം തകര്‍ത്തിരുന്നു. ജനുവരി 30-ന് കാനഡയുടെ വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണ്‍ ഫെബ്രുവരി നാലിന് യു.എസ്. വെടിവെച്ചിട്ടിരുന്നു. ചാരബലൂണ്‍ വിഷയത്തില്‍ ചൈനയും യു.എസും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായ പശ്ചാത്തലത്തിലാണ് അജ്ഞാതവസ്തുക്കള്‍ അമേരിക്കന്‍ ആകാശത്ത് വീണ്ടും പരിഭ്രാന്തി സൃഷ്ടിക്കുന്നത്.

എന്നാൽ, ആദ്യമായല്ല അജ്ഞാത പേടകങ്ങൾ അമേരിക്കയെ പരിഭ്രാന്തിയിലാക്കുന്നത്. നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഓഫീസ് പുറത്തു വിട്ട് റിപോർട്ടുകൾ പ്രകാരം 2021 മാർച്ച് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ അജ്ഞാത പേടകങ്ങൾ ആകാശത്ത് ദൃശ്യമാകുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം വർധിച്ചിട്ടുണ്ട്. ഈ ഒരു കാലയളവിൽ ആകെ 247 അജ്ഞാത വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടുതലും അമേരിക്കൻ നേവിയിലെയും എയർഫോഴ്‌സിലെയും പൈലറ്റുകൾ റിപ്പോർട്ട് ചെയ്തവയാണ്. ധാരാളം സുരക്ഷാ പ്രശ്നങ്ങൾ ഇത്തരം അജ്ഞാത പേടകങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. എയർ ട്രാഫിക് കോൺട്രോളിന്റെ അനുവാദം കൂടാതെ ഇത്തരം പേടകങ്ങൾ വ്യോമാതിർത്തികളിലേക്ക് കടക്കുന്നത് വിമാനങ്ങൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അനധികൃതമായി വ്യോമപാതയിൽ ഇവയുടെ സാന്നിധ്യം ഉണ്ടാകുന്നത് വിമാനങ്ങൾ വഴി തിരിച്ചു വിടാൻ കാരണമാകുന്നു. വിമാനങ്ങൾ ഇത്തരം അജ്ഞാത പേടകങ്ങളുമായി കൂടിയിടിച്ചതായി ഇതുവരെ റിപോർട്ടുകൾ ഇല്ല. ഇതുവരെ കണ്ടെത്തിയ പേടകങ്ങൾ അന്യഗ്രഹങ്ങളിൽ നിന്നും വന്നതാണെന്ന് മനസിലാക്കാൻ തക്ക തെളിവുകൾ ഒന്നും തന്നെയില്ലെന്ന് അമേരിക്കൻ പ്രതിരോധ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് അറിയിച്ചിട്ടുണ്ട്.