ക്വീൻസ്‌ലാന്‍റില്‍ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി.

ക്വീൻസ്‌ലാന്‍റില്‍ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി.

ബ്രിസ്‌ബേൻ: ഓസ്ട്രേലിയയുടെ വടക്കന്‍ മഴക്കാടുകളില്‍ ഭീമാകാരമായ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരല്‍ തവളകളെക്കാള്‍ ആറ് മടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ ഈ ചൂരല്‍ തവള. സമുദ്രനിരപ്പില്‍ നിന്നും 393 മീറ്റർ (1,289 അടി) ഉയരത്തിൽ കണ്ടെത്തിയ ഈ തവളയ്ക്ക് 2.7 കിലോ ഗ്രാം ഭാരമുള്ളത്. ഇതുവരെ ലോകത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള എന്ന പദവിയും ഇത് സ്വന്തമാക്കി.

ക്വീൻസ്‌ലാന്‍റിലെ കോൺവേ നാഷണൽ പാർക്കിലൂടെയുള്ള പട്രോളിങ്ങിനിടെ പാർക്ക് റേഞ്ചർ കൈലി ഗ്രേ ആദ്യമായി ഈ ഭീമാകാരമായ ഉഭയജീവിയെ കണ്ടപ്പോൾ, അവര്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. രണ്ടര കിലോയ്ക്ക് മുകളില്‍ ഭാരമുള്ള ഒരു തവള. “ഇത്രയും വലുപ്പമുള്ള താവളയെ ഞാൻ കണ്ടിട്ടില്ല,” എന്നായിരുന്നു കൈലി ഗ്രേ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷനോട് പറഞ്ഞത്. ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ തവള. ഇത് ലോക റിക്കാര്‍ഡാണെന്ന് ഇവര്‍ പറയുന്നു. ഇതിന് മുമ്പ് 1991-ൽ സ്വീഡനിലെ പ്രിൻസെൻ എന്ന വളര്‍ത്ത് തവളയാണ് ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. 2.65 കിലോഗ്രാമായിരുന്നു അതിന്‍റെ ഭാരം. ഈ ഗിന്നസ് റിക്കോര്‍ഡാണ് ഇപ്പോള്‍ ടോഡ്‍സില തകര്‍ത്തത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പാരിസ്ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇവയെ കണക്കാക്കുന്നു. മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയയില്‍ നിയമം ഉള്ളതിനാൽ ഇതിനെ ദയാവധം ചെയ്തു. മ‍ൃതദേഹം കൂടുതല്‍ പഠനങ്ങള്‍ക്കായി ബ്രിസ്‌ബേനിലെ ക്വീൻസ്‌ലൻഡ് മ്യൂസിയത്തിന് സംഭാവന ചെയ്യും എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.