ജനപ്രിയ സാഹിത്യത്തിലെ കാക്കനാടൻ

ജനപ്രിയ സാഹിത്യത്തിലെ കാക്കനാടൻ

മലയാള സാഹിത്യത്തെ തലനാരിഴ കീറി പരിശോധിച്ചാൽ നമ്മൾ പുലർത്തിപ്പോരുന്ന ദാർശനികത മനസ്സിലാകും. ഭാഷ മനുഷ്യന് ദൈവം നൽകിയ വരദാനമാണ്. വിദേശ മലയാളികൾ അമ്മയുടെ മുലപ്പാൽ പോലെ മാതൃഭാഷയെ സ്‌നേഹിക്കുന്നു. മലയാളം ദ്രാവിഡ ഗോത്രത്തിൽപ്പെട്ട ഭാഷയാണ്. ലോകത്തുള്ള പ്രമുഖ ഭാഷകൾ മൂവായിരമാണ്. അതിൽ മലയാളത്തിന്റെ സ്ഥാനം അൻപത്തിയൊന്ന്. ആദ്യകാലങ്ങളിൽ സംസ്‌കൃതം ജ്ഞാനത്തിന്റെ സാഹിത്യത്തിന്റെ കലയായിട്ടാണ് രൂപപ്പെട്ടത്. ഭാഷയുണ്ടായ കാലം മുതൽ കലാ സാഹിത്യമുണ്ട്. രാമായണവും മഹാഭാരതവും ഇന്ത്യൻ ഭാഷകളിൽ ആദ്യമുണ്ടായ ഇതിഹാസ കാവ്യങ്ങളാണ്. ഓരോ എഴുത്തുകാരനും തന്റേതായ കാവ്യഭാഷയുണ്ട്. മലയാള കഥ നോവലിന് ആധുനിതികതയുടെ പ്രകാശഗോപുരം സമ്മാനിച്ചത് കാക്കനാടനാണ്. 1971-ലാണ് കാക്കനാടൻ “കോഴി” എഴുതിയത്. വായനക്കാർ അതിനെ ഉത്തരാധുനികതയുടെ മകുടം ചാർത്തി കൊടുത്തു. അതിലെ കഥാപാത്രമായ ദേവദത്തൻ ദാർശിനികമായ നിലപാടുകളാണ് സ്വീകരിച്ചത്. സാമൂഹ്യ വ്യവസ്ഥിതിയുടെ സംഘർഷങ്ങളാണ് അതിലുള്ളത്. ഇത് വായിക്കാതെ തന്നെ “കോഴി” എന്ന പേരിൽ ഞാനൊരു കഥയെഴുതി കേരളകൗമുദി ഓണപതിപ്പിൽ പ്രസിദ്ധീകരിച്ചു.

ലണ്ടനിലെ മെഡിക്കൽ അസോസിയേഷൻ (കല) അവരുടെ കഥാമത്സരത്തിൽ ആ കഥക്ക് ഒന്നാം സമ്മാനം നൽകി ആദരിച്ചു. കാക്കനാടനെ ഞാൻ പരിചയപ്പെടുന്നത് മലയാള മനോരമക്ക് കേരള യുവസാഹിത്യ സഖ്യം എന്ന സംഘടനയുണ്ടായിരുന്നു. ഹൈസ്‌കൂൾ വിദ്യാർത്ഥിയായ ഞാൻ മാവേലിക്കര നിന്നുള്ള ഏക വ്യക്തിയായിരിന്നു. പന്തളം എൻ.എസ്.എസ് കോളേജിൽ ഒരു സാഹിത്യ ശില്പശാല നടന്നു. അന്ന് കേരളത്തിലെ പ്രമുഖരായ സാഹിത്യ പണ്ഡിതന്മാരും കവികളുമാണ് ശില്പശാലകൾക്ക് നേതൃത്വം കൊടുത്തത്. ഇന്നത്തെ പോലെ രാഷ്ട്രീയ പ്രേരിതമല്ലായിരുന്നു. അവരുടെ ധാരാളം സാഹിത്യ ശില്പശാലകളിൽ ഞാനും കോളേജിൽ പഠിച്ചുകൊണ്ടിരുന്ന ഡോ. ചേരാവള്ളി ശശിയും പങ്കെടുത്തിട്ടുണ്ട്. എന്റെ ജന്മനാടായ ചാരുംമൂട്ടിൽ നിന്ന് അധിക ദൂരമില്ല പന്തളത്തേക്ക്. അന്നത്തെ വിശിഷ്ട വ്യക്തി കാക്കനാടനായിരിന്നു. അദ്ദേഹം വേദിയിലേക്ക് വന്നത് ഒരു മദ്യപാനിയായിട്ടാണ്. ആടിപ്പാടി വന്ന ആ മദ്യപാനിയുടെ സാഹിത്യ പ്രഭാഷണം കേട്ടപ്പോൾ എല്ലാവരും അമ്പരപ്പോടെ നോക്കി. കാക്കനാടന്റെ ഗർജ്ജിക്കുന്ന ശബ്ദത്തിൽ എല്ലാവരും മുഴുകിയിരുന്നു. ഇന്നത്തെ മിക്ക എഴുത്തുകാർക്കും ഗുരുക്കന്മാർ സോഷ്യൽ മീഡിയയാണ്. എന്റെ ആത്മകഥ “കഥാകാരന്റെ കനൽ വഴികൾ” (പ്രഭാത് ബുക്ക്‌സ്) ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുപത് വർഷങ്ങൾക്കു ശേഷം ഞങ്ങൾ പല വേദികളിൽ പങ്കെടുത്തു. എന്റെ യൂറോപ്പിൽ നിന്നുള്ള ആദ്യ മലയാളം നോവൽ പൂർണ്ണ കോഴിക്കോട് പ്രസിദ്ധികരിച്ച “കാൽപ്പാടുകൾ” 2006-2008-ൽ അവതാരികയെഴുതിയതും കാക്കനാടനാണ്. കാക്കനാടൻ മാത്രമല്ല അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന കുമാരനാശാൻ, വയലാർ, തോപ്പിൽ ഭാസി, കേസരി ബാലകൃഷ്ണപിള്ള, പൊൻകുന്നം വർക്കി അങ്ങനെ എത്രയോ മഹാപ്രതിഭകൾ നമ്മുടെ മുന്നിലുണ്ട്. സി.വി.രാമൻപിള്ളയുടെ നോവലുകളെപ്പറ്റി എം.പി.പോൾ അറിയിച്ചത് സി.വി യെ ഉൾക്കൊള്ളാൻ കവിഹൃദയമുള്ളവർക്ക് മാത്രം സാധിക്കുമെന്നാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ പ്രതിനിധാനം ചെയ്യുന്നത് നാടൻ ഭാഷയാണ്. അതിനെ ബഷിറിയൻ ഭാഷ എന്നുവരെ വിളിച്ചു. കവി എന്ന പദത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നത് വർണ്ണിക്കുന്നവൻ എന്നാണ്. ആ കാവ്യകൗതുകത്തിലൂടെയാണ് നമ്മൾ പഠിച്ചു വളർന്നത്. അന്നത്തെ കവിതകൾക്ക് അഴകും ആഴവുമുണ്ട്. നമ്മുടെ പ്രപഞ്ച വിജ്ഞാനം വളർന്നതോടെ പദ്യവും ഗദ്യവും കൂട്ടിക്കലർത്തി ആത്മസാക്ഷൽക്കാരങ്ങളായി അനുഭൂതി ആവിഷ്‌ക്കാരങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അത് ഭയന്നാണ് സുഗതകുമാരി ടീച്ചർ കവിതയെഴുത്തു നിർത്തിയത്. കുറെ ഗദ്യ-പദങ്ങൾ അടുക്കി നിരത്തിയാൽ കവിതയാകുമോ?

മലയാളത്തിലെ ആദ്യ നോവലായ ഒ.ചന്തുമേനോന്റെ “ഇന്ദുലേഖ” സ്വന്തം ഭാര്യക്ക് വേണ്ടി എഴുതപ്പെട്ടതാണ്. തുടർന്നുള്ള കാലങ്ങളിൽ എഴുത്തുകാർ ആധുനികത, ഉത്തരാധുനികത, പൈങ്കിളി സാഹിത്യമെന്ന പേരിൽ ജനകിയമായി വളർത്തിയെടുത്തു. ഇന്ന് സാഹിത്യരംഗം നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളെ പോലെ മാറിയിരിക്കുന്നു. ചിലർ മുണ്ടുടുക്കുന്നു. ചിലർ പാന്റും ഉടുപ്പ്, മറ്റ് ചിലർ അടിവസ്ത്രം ധരിക്കുന്നു. പുസ്തകങ്ങളെ പ്രസാധകരംഗത്തുള്ളവർ വസ്ത്രവ്യാപാരികളെ പോലെ പല നിറങ്ങൾക്കൊടുത്തു് വിറ്റഴിച്ചു കാശുണ്ടാക്കുന്നു. എന്നാൽ സാഹിത്യ രംഗം കയ്യടക്കിയിരിക്കുന്നത് ആമസോൺ ആണ്. ലോകത്തെ പ്രമുഖ എഴുത്തുകാരെല്ലാം അവരിലൂടെ പുസ്തകങ്ങളിറക്കുന്നു. കേരളത്തിലെ പുസ്തക കുത്തക മുതലാളിമാർ അവരെ അങ്ങോട്ട് അടുപ്പിക്കുന്നില്ല. അതിനാലാണ് ഞങ്ങൾ കേരള പബ്ലിക്കേഷൻ ആമസോൺ തുടങ്ങിയത്. ഒരു കമ്മീഷനുമെടുക്കാതെ എഴുത്തുകാരന്റെ അക്കൗണ്ട് കൊടുത്തുകൊണ്ട് പുസ്തകമിറക്കുന്നു. എഴുത്തുകാരന്റെ പുസ്തകങ്ങൾ തലമുറകൾ കഴിഞ്ഞാലും ഇന്റർനെറ്റിൽ ജീവിച്ചിരിക്കണം. എഴുത്തുകാരുടെ തലച്ചോർ വിറ്റുതിന്നാൻ ഒട്ടും ആഗ്രഹമില്ല. അവരുടെ അധ്വാനഫലം അവർക്ക് കിട്ടണം. അതിനാലാണ് ആമസോൺ മുപ്പത് ശതമാനം എടുത്തുകൊണ്ട് എഴുപത് ശതമാനം അവരുടെ അക്കൗണ്ടിലേക്ക് കൊടുക്കുന്നത്.

കേരളത്തിലെ എഴുത്തുകാർ പരമ്പരാഗത വിശ്വാസം പോലെ കുളത്തിലെ തവളകളായി ഇന്നും എഴുതിക്കൊണ്ടിരിക്കുന്നു. ഇന്ന് കാണുന്ന കാഴ്ചകൾ സാഹിത്യ സൃഷ്ഠികൾ ബെല്ലും ബ്രേക്കുമില്ലാത്ത സൈക്കിൾ പോലെയാണ് സഞ്ചരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എന്തുമെഴുതാം അതിനെ സാഹിത്യമെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നു. സാഹിത്യ കൃതികളുടെ സങ്കീർണ്ണതകൾ പഠിക്കാനോ അതിനെ അപഗ്രഥനം ചെയ്യാനോ ആരും തയ്യാറാകുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിൽ ചിലർ ഇംഗ്ലണ്ടടക്കം പണം കൊടുത്തുകൊണ്ട് നോവൽ കഥകളെഴുതിച്ചു ഇതെ തന്ത്രങ്ങൾ നടത്തുന്നു. ഈ സാഹിത്യം ചമഞ്ഞു നടക്കുന്നവർക്ക് തുണയായി സ്വാർത്ഥ താല്പര്യക്കാരായ മാധ്യമങ്ങളും പ്രസാധകരും ചില മന്ത്രിമാരടക്കം കുടപിടിക്കുന്നു. നല്ല സാഹിത്യസൃഷ്ഠികൾ എന്തെന്നറിയാതെ എല്ലാം യാന്ത്രികമായി മാറിയിരിക്കുന്നു. നല്ല സാഹിത്യ സൃഷ്ഠികൾ നിത്യവസന്തം പോലെ സൗന്ദര്യം നുകരുന്നതും മനസ്സ് നിറഞ്ഞുള്ള പ്രാർത്ഥന പോലെയാകണം. അത് നമ്മോട് സംവദിക്കുന്നതും ഹൃദയത്തെ തൊട്ടുണർത്തി ശുദ്ധിവരുത്തുന്നതുമാകണം. ഇന്നത്തെ സാഹിത്യ രംഗം സാഹിത്യ വളർച്ചയേക്കാൾ രാഷ്ട്രീയ പ്രേരിതവും സ്വാർത്ഥരായ പ്രസാധകരുടെ അപാരമായ സ്വാധീനവും സാഹിത്യത്തെ കമ്പോള സാഹിത്യമായി മാറ്റിയിരിക്കുന്നു. കാവ്യസൗന്ദര്യത്തിന്റെ പൂക്കൾ വിടരേണ്ടത് രാഷ്ട്രീയ ധന സ്വാധീനതയിലാണോ?

ഭാഷയെ കവിതപോലെ സംഗീതസാന്ദ്രമാക്കിയവർ നമുക്ക് ധാരാളമുണ്ട്. കവിത തുളുമ്പുന്ന വാക്കുകൾ എഴുതിയാൽ അതിനെ പൈങ്കിളിയെന്നും ആത്മാവിലെരിയുന്ന കദന കഥകളെഴുതിയാൽ ഇതെന്ത് കഥയെന്ന് ചോദിക്കുന്നവരുമുണ്ട്. ജനകിയ സൃഷ്ഠികളെന്നും മനുഷ്യമനസ്സുകളെ ദാർശനികതയിലേക്ക് വഴിനടത്തുന്നതാണ്. നല്ലൊരു പറ്റം സർഗ്ഗധനർ മൗനം, നിശ്ശബ്ദതയെ താലോലിക്കുന്നു. അതിസാമർഥ്യം നടത്തിയാൽ കിട്ടാനിരിക്കുന്ന പദവി പുരസ്‌ക്കാരം നഷ്ടപ്പെടുമെന്നവർ ഭയക്കുന്നു. സാഹിത്യ ലോകം പടുത്തുയർത്തിയ മാനുഷിക ധാർമ്മിക മൂല്യങ്ങൾ കടപുഴക്കിയെറിയുന്നു. ഇവർ സാഹിത്യ രംഗത്ത് വിള്ളലുണ്ടാക്കുന്നു. ഈ സംസ്‌ക്കാരിക ശൂന്യതയെ വിമർശിക്കാനോ ഏറ്റെടുക്കാനോ ഇന്നത്തെ സാഹിത്യകാരന്മാർ കവികൾ തയ്യാറാകുന്നില്ല. അതിന്റെ ബീജകേന്ദ്രം പദവി പുരസ്‌ക്കാരം തന്നെയാണ്. നമ്മുടെ പൂർവ്വികരായ എഴുത്തുകാർ പടുത്തുയർത്തിയ അതിമഹനീയമായ ആദർശാത്മക സത്തകളെ ബലികഴിക്കുന്നത് ആരാണ്? സാഹിത്യവും സാമൂഹ്യ യാഥാർത്ഥ്യങ്ങളും സാംസ്‌ക്കാരിക രംഗത്തുള്ളവർ ചിന്തിക്കേണ്ടതല്ലേ? പൊൻകുന്നം വർക്കിയുടെ കഥ “ശബ്ദിക്കുന്ന കലപ്പ” മണ്ണിനെ ഊഴുതുമറിക്കുന്നത് നുകത്തിൽ കെട്ടിയ കാളയും കലപ്പയുമാണ്. അതിലെ കാളകൾ അധ്വാനിക്കുന്നവന്റെ പ്രതി നിധിയാണ്. അതുപോലെ കൊടിയുടെ നിറം നോക്കാത്ത ശബ്ദിക്കുന്ന കലപ്പകളാണ് കേരളത്തിലും വിദേശ രാജ്യങ്ങളിലുമുള്ള എഴുത്തുകാർ. മലയാള കലാ-സാഹിത്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന നാടോടി രാഷ്ട്രീയ പിൻവാതിൽ സംസ്‌ക്കാരം അവസാനിപ്പിക്കണം. രാജവാഴ്ച മാറി ജനാധിപത്യ ഭരണം വന്നാൽ അടിച്ചമർത്തപ്പെട്ടവർക്ക് നീതി ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു. കേരളത്തിലെ സർഗ്ഗ പ്രതിഭകളും അടിച്ചമർത്തപ്പെട്ടവരോ? സാഹിത്യത്തിൽ ചിറകുമുളച്ചു വരുന്നവർക്ക്, പഠിതാക്കൾക്ക് ഇന്നത്തെ എഴുത്തുകാരെ കൂട്ടിലടച്ച തത്തകളായി കാണാതെ മണ്ണിലും വിണ്ണിലും ഉയർന്നു പൊങ്ങി നിൽക്കുന്നവരായി കാണണം. അവർക്ക് മാത്രമേ ഭാഷ സാഹിത്യത്തെ ഒരു വിജ്ഞാന മേഖലയായി വളർത്തി കൊണ്ടുവരാൻ സാധിക്കു.

(ഞാൻ 2004-ൽ താളിയോല എന്ന മാസികയിൽ എഴുതിയ “ജനപ്രിയ സാഹിത്യത്തിന്റെ പുതിയ മാനങ്ങൾ” എന്ന ലേഖനത്തിലെ കുറച്ചു ഭാഗങ്ങൾ ഇതിലുണ്ട്)

കാരൂർ സോമൻ, ലണ്ടൻ