മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 4

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 4

കുടുംബങ്ങളാണല്ലോ സാമൂഹ്യജീവിതത്തിന്റെ അടിസ്ഥാന തൂണുകൾ. വിവാഹത്തിലൂടെ പുതിയ പുതിയ കുടുംബങ്ങൾ പിറവിയെടുക്കുന്നു. അപ്പോൾ തുണയായ ഇണയെ തെരഞ്ഞെടുക്കുന്നതിൽ വളരെയേറെ ശ്രദ്ധിക്കണം. “കൊതി പോലെ വരില്ല വിധിപോലെയെ വരൂ” എന്നുണ്ടെങ്കിലും “മരമറിഞ്ഞു കൊടിയിടണം” എന്നത് ആദ്യമേ മനസ്സിലുണ്ടായിരിക്കണം. ഇവിടെ കൊടി എന്നത് കുരുമുളക് ചെടിയാണ്. പണ്ടു കൃഷിക്കായി രണ്ടുതരം കൊടിയാണ് ഉപയോഗിച്ചിരുന്നത്, നാരായക്കൊടിയും കരിമുണ്ടയും. വലിയ മരങ്ങളിൽ നാരായക്കൊടിയും ഇടത്തരം മരങ്ങളിൽ കരിമുണ്ടയും. അതിനാൽ “ആളറിഞ്ഞു പെണ്ണും മരമറിഞ്ഞു കൊടിയും” എന്നതു മറക്കരുത്.

“മിന്നുന്നതെല്ലാം പൊന്നല്ല”, “തന്നിലെളിയ ബന്ധുത്വം തന്നിൽ വലിയ ചങ്ങാതി” “തുണയില്ലാത്തവന്റെ തുണ കെട്ടൊല്ല” എന്നീ കാര്യങ്ങളും ഓർമയിൽ ഉണ്ടാകണം. “തുണയില്ലാത്തവന് ദൈവം തുണ” എന്ന ആശ്വാസ ചിന്തയും നമുക്കായി കരുതിയിട്ടുണ്ട്.

“കോപമുള്ളവനെ കൂറുള്ളു” എന്നതിൽ കഴമ്പുണ്ടായിരിക്കാം. എങ്കിലും “ഒരു കോപം കൊണ്ടു അങ്ങോട്ട്‌ (കിണറ്റിലേക്ക്) ചാടിയാൽ ഇരുകോപംകൊണ്ട് ഇങ്ങോട്ട് പോരാമോ” എന്ന ഗീതാസന്ദേശവും “കോപകാമാദികളെ ക്ഷമയാ ജയിപ്പവൻ താപസശ്രേഷ്ഠൻ “എന്നതും മറക്കല്ലേ.

പഴയ തറവാടുകളിൽ കുട്ടികളും പേരക്കുട്ടികളും കൂടുതലുണ്ടാകും. “കുഞ്ഞിയിൽ പഠിച്ചത് ഒഴിക്കയില്ല” എന്നു മനസ്സിലാക്കികൊണ്ടായിരുന്നു ശിക്ഷണം. “മാതാപിതാ ഗുരു ദൈവം” എന്നതിൽ ഉറച്ച വിശ്വാസം ആയിരുന്നു. “ആശാനക്ഷരം ഒന്നു പിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിക്ഷ്യന്” എന്നതുകൊണ്ടു ആശാന്മാരെ തെരഞ്ഞെടുക്കുന്നതിൽ ജാഗ്രത പുലർത്തിയിരുന്നു.

“അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ” എന്നതിനാൽ അഞ്ചു വയസ്സിനു മുമ്പേ കളരിയിൽ ചേർക്കും. അരിയിൽ എഴുതിയ ആദ്യാക്ഷരം തൊട്ടുള്ള പഠനം. നിലത്തു വിരിച്ച പൊടിമണ്ണിൽ വിരലുകൾ കൊണ്ടു ആശാൻ കൈപിടിച്ച് എഴുതിക്കും. പിന്നെ തന്നെ എഴുതണം. കൂടുതൽ ആവർത്തിപ്പിച്ചാൽ ആശാൻ കൈ പിടിച്ചമർത്തും. പൊടിമണലിൽ കൈവിരൽ അമർന്നു വേദനിക്കും. പക്ഷേ നന്നായി എഴുതി പഠിപ്പിച്ചേ അടുത്ത അക്ഷരത്തിലേക്ക് കടക്കയുള്ളു. കാരണമുണ്ട് “അഞ്ചിലെ വളയ്ക്കാഞ്ഞാൽ അമ്പതിൽ വളയുമോ”. അത് ആശാന് നന്നായറിയാം. “ചൊല്ലിക്കൊട്, നുള്ളിക്കൊട്, തല്ലിക്കൊട് , തള്ളിക്കള” എന്നതാണ് അന്നത്തെ ശിക്ഷണ രീതി.

അന്നത്തെ സ്ത്രീജനത്തിന്റെ മുഖ്യ ജോലി വീട്ടിലുള്ളവർക്കു ഭക്ഷണം തയ്യാറാക്കി നൽകുകയായിരുന്നല്ലോ. “അരവു നന്നായാലേ കൂട്ടാൻ നന്നാവൂ”, “കൈ ആടിയാലേ വായാടു”, “കോഴിമുട്ട ഉടയ്ക്കുവാൻ കുറുവടി വേണ്ട” എന്നതെല്ലാം അവർക്കു മനപാഠമായിരുന്നു. അടുപ്പത്തു വച്ചിരുന്ന പാൽ പാത്രം തിളച്ചു തൂകുമ്പോൾ “കൈക്കില കൂടാതെ വാങ്ങുക” എന്നതു പ്രയോഗിച്ചു പൊള്ളലേറ്റവരും ഉണ്ടാകും.

“കൈക്കെത്തിയത് വായ്ക്കെത്താതെ വരിക” “അഷ്ടദാരിദ്ര്യം പിടിച്ചവനു തൊട്ടതെല്ലാം നഷ്ടം” എന്നതെല്ലാം അനുഭവദോഷം. “ചത്ത പശുവിനു മുക്കുടം പാല്” എന്നു നഷ്ടപ്പെട്ടതിനെ പുകഴ്ത്തുന്നവരും “ചത്ത കുഞ്ഞിന്റെ ജാതകം നോക്കേണ്ട” എന്നതിന് വിപരീതമായി പ്രവർത്തിക്കുന്നവരും നമുക്കു ചുറ്റുമുണ്ട്. “അമ്പില്ലാത്തവനോട് തുമ്പു കെട്ടിയതു അറിവില്ലാത്തവന്റെ പോയത്തം,” എന്നു പിറുപിറത്തുകൊണ്ട് ആശ്വാസം കണ്ടെത്തുന്നവരെയും നമുക്കു ചുറ്റിലും കാണാമല്ലോ. “കുല പഴുക്കുമ്പോൾ സംക്രാന്തി” ആണു ചിലർക്ക്. യഥാകാലം ചെയ്യേണ്ടത് ചെയ്യില്ല. അവർക്കു ഇഷ്ടമുള്ളപ്പോൾ ചെയ്യും.

“പൊതുജനം പലവിധം” എന്നു നമുക്കു ആശ്വസിക്കാം.
Copyright malayaleepathram

തുടരും…

എ വി ആലയ്ക്കപറമ്പിൽ

മലയാള ചൊല്ലുകളും ശൈലികളും: ഭാഗം 3