സന്ദേശങ്ങളിലെ തെറ്റു തിരുത്താം, കൂടുതൽ സുരക്ഷിതമാക്കാം; പുതിയ മാറ്റങ്ങളുമായി വാട്‌സാപ്പ്

ജനകീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. സന്ദേശങ്ങൾ അയക്കാനും ചിത്രങ്ങളും വീഡിയോകളും ഡോക്യുമെന്റുകളുമെല്ലാം പങ്കുവെക്കാനും സാധിക്കുന്ന ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സാധാരണക്കാർക്കിടയിൽ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വാട്‌സാപ്പിൽ വരുന്ന മാറ്റങ്ങളും പുനരാവിഷ്‌കാരങ്ങളും വലിയ ആകാംഷയോടെയാണ് ഉപയോക്താക്കൾ നോക്കികാണാറുള്ളത്. സുരക്ഷയ്‌ക്കും ഉപഭോക്താക്കളുടെ ഏറെ നാളുകളായുള്ള ആവശ്യങ്ങൾക്കുമാണ് ഇത്തവണ വാട്‌സ്ആപ്പ് പ്രാധാന്യം നൽകുന്നത്.

ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള പുതിയ ടൂളാണ് അതിലൊന്ന്. നിലവിൽ അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ആപ്പിലുണ്ട്. എന്നാൽ പുതിയ ഫീച്ചർ വരുന്നതിലൂടെ ‘ഡിലീറ്റ് ഫോർ മി’ എന്ന ഓപ്ഷൻ അമർത്തി നിങ്ങൾ ഇല്ലാതാക്കിയ ചാറ്റ് വീണ്ടെടുക്കാൻ പുതിയ ഫീച്ചർ വഴി സാധിക്കും. അയച്ച സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് മറ്റൊന്ന്. ഒരാൾക്ക് അയച്ച സന്ദേശങ്ങൾ നീക്കം ചെയ്യാതെ തന്നെ എഡിറ്റ് ചെയ്യാൻ സാധിക്കുന്ന സൗകര്യം വാട്‌സ്ആപ്പ് കൊണ്ടുവരുന്നു. സുരക്ഷ വർദ്ധിപ്പിക്കുന്നതാണ് മറ്റൊരു ഫീച്ചർ. ഇതിനായി ഡബിൾ വെരിഫിക്കേഷൻ കോഡ് പരീക്ഷണഘട്ടത്തിലാണ്. മൂന്ന് ഫീച്ചറുകളും ഒന്നിനുപിറകെ ഒന്നായി ഉടൻ തന്നെ ഉപഭോക്താവിലേക്ക് എത്തും എന്നാണ് വിവരം.