സോളമന്‍ ഐലൻഡുമായി ചൈനയുടെ സുരക്ഷാ കരാ‍ർ; പസിഫിക്കിലും യുദ്ധഭീതി.

സോളമന്‍ ഐലൻഡുമായി ചൈനയുടെ സുരക്ഷാ കരാ‍ർ; പസിഫിക്കിലും യുദ്ധഭീതി.

കാൻബറ: പസിഫിക് ദ്വീപുരാജ്യങ്ങളിലൊന്നായ സോളമന്‍ ഐലൻഡുമായി ചൈന സുരക്ഷാ കരാ‍ർ ഒപ്പുവച്ചത് പസിഫിക് മേഖലയിൽ പുതിയ സംഘർഷത്തിന് കാരണമായേക്കും. അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനുമടങ്ങുന്ന സഖ്യരാജ്യങ്ങളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്നതാണ് ഈ കരാർ. ഏറെ തന്ത്രപ്രധാന മേഖലയാണ് എന്നതുകാണ്ടുതന്നെ സ്ഥിരം സാന്നിധ്യമുറപ്പിക്കാൻ ചൈന ഏറെക്കാലമായി പരിശ്രമിക്കുന്ന ഒന്നാണ് പസിഫിക് ദ്വീപ സമൂഹങ്ങൾ. എന്നാൽ ഇതിനെ അമേരിക്കയും സഖ്യരാജ്യങ്ങളും നിരന്തരമായി എതിർത്ത് വന്നിരുന്നു. എന്നാൽ കോവിഡിനെ തുടർന്ന് സാമ്പത്തികമായി ഈ രാജ്യങ്ങളെല്ലാം തകർന്ന സമയത്തായിരുന്നു അവയുടെ നയതന്ത്ര, സാമ്പത്തിക പങ്കാളിയായി ചൈന മാറുന്നത്. 2016-നും 2019-നും ഇടയിൽ 24 തവണയാണ് ചൈനീസ് പ്രതിനിധി സംഘം പസിഫിക് ദ്വീപുരാജ്യങ്ങളിൽ എത്തിയത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പസിഫിക് മേഖലയിലെ രാജ്യങ്ങളെ വംശീയാടിസ്ഥാനത്തിൽ പൊതുവെ മൂന്നായാണ് തിരിച്ചിരിക്കുന്നത്– മെലാനേഷ്യ, മൈക്രോനേഷ്യ, പോളിനേഷ്യ. ഇതിൽ മെലാനേഷ്യയുടെ ഭാഗമായി വരുന്ന പ്രധാന രാജ്യങ്ങളാണ് ഫിജി, വനൗട്ടു, പാപ്പുവ ന്യൂഗിനിയ, സോളമൻ ഐലൻ‍ഡ് തുടങ്ങിയവ. മൈക്രോനേഷ്യയുടെ ഭാഗമായി വരുന്നതാണ് ഗുവാം, കിരിബാതി, മാർഷൽ ഐലൻ‍ഡ് തുടങ്ങിയവ. പോളിനേഷ്യൻ രാജ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ന്യൂസീലൻഡ്, ഹവായി, ഫ്രഞ്ച് പോളിനേഷ്യ, സമോവ തുടങ്ങിയവ. ഒരു ഭാഗത്ത് ജപ്പാനും ഫിലിപ്പീൻസും ഇരു കൊറിയകളും അതിനടുത്തായി ചൈനയും മറ്റൊരു ഭാഗത്ത് അമേരിക്കയും ലാറ്റിനമേരിക്കയും വേറൊരു ഭാഗത്ത് ഓസ്ട്രേലിയയും അതിരിടുന്നതാണ് പസിഫിക് ദ്വീപുരാജ്യങ്ങൾ. പസിഫിക് സമുദ്രം പോലെത്തന്നെ ചൈനയും അമേരിക്കയും ജപ്പാനുമെല്ലാം കൊമ്പു കോർക്കുന്ന ദക്ഷിണ ചൈനാ കടലും ഇതിന്റെ അതിരാണ്. ഈ മേഖലയിലുള്ള ചെറു രാഷ്ട്രങ്ങൾക്കു പുറമേ അനേകം ദ്വീപുകൾ ഉണ്ടെങ്കിലും അതൊക്കെ അമേരിക്ക, ഫ്രാൻസ് പോലെ മറ്റു വലിയ രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലാണ്.

മെലാനേഷ്യൻ രാജ്യങ്ങളിൽ ചൈനയ്ക്ക് നിർണായക സ്വാധീനവുമുണ്ട്. ഇതിൽ പെട്ടതാണ് ഓസ്ട്രേലിയയിൽനിന്ന് വെറും 2000 കി.മീ അകലെ മാത്രമുള്ള സോളമൻ ഐലൻഡ് എന്നതുകൊണ്ട് അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും കടുത്ത ആശങ്കയാണ് പ്രകടിപ്പിച്ചത്. ചൈനയും സോളമൻ ദ്വീപും തമ്മിലുള്ള കരാറോടെ പസിഫിക് ദ്വീപു രാഷ്ട്രങ്ങളിലൊന്നിൽ ചൈന സൈനികതാവളം സ്വന്തമാക്കിക്കഴിഞ്ഞെന്നും ചൈനീസ് നാവിക സേന തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണ് എന്നുമാണ് സുരക്ഷാ വിദഗ്ധർ പറയുന്നത്.

ഏപ്രിൽ 19-ന് ചൈന കരാറിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. കരാറിനെക്കുറിച്ചുള്ള വിവരം ചൈന പുറത്തുവിട്ട് മൂന്നാം നാൾ അമേരിക്ക തങ്ങളുടെ ഉന്നതതല സംഘത്തെ പസിഫിക് ദ്വീപുരാജ്യങ്ങളിലേക്കയച്ചു. സോളമൻ ദ്വീപിൽ എംബസി ആരംഭിക്കാനുള്ള അമേരിക്കയുടെ നടപടികൾ വേഗത്തിലാക്കും എന്നതു മുതൽ കാലാവസ്ഥ, ആരോഗ്യം ജനങ്ങൾ തമ്മിലുള്ള ബന്ധം, വാക്സീൻ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തമാക്കും എന്ന് കൂടിക്കാഴ്ചക്ക് ശേഷം വൈറ്റ് ഹൗസ് വ്യക്തമാക്കി. ചൈന ഏതെങ്കിലും വിധത്തിൽ സ്ഥിരമായി അവിടെയൊരു സൈനിക സാന്നിധ്യമായി തുടരുകയോ അല്ലെങ്കിൽ സൈനിക താവളം സ്ഥാപിക്കുകയോ ചെയ്താൽ അമേരിക്കയ്ക്ക് അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അതിനനുസരിച്ച് ‘പ്രതികരിക്കു’മെ‌ന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അമേരിക്കയ്ക്കു ആശങ്ക ഉണ്ടാക്കുന്നത് ഒന്നും അവിടെ അനുവദിക്കില്ലന്നു സോളമൻ ദ്വീപ് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നും അമേരിക്ക പറയുന്നുണ്ട്.

ഓസ്‌ട്രേലിയിലും ഇതേതുടർന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വിമർശനം നേരിടുകയാണ്. സോളമൻ ദ്വീപിൽ ചൈന കാലുറപ്പിക്കുന്നത് കണ്ടുകൊണ്ടു നിന്നതല്ലാതെ അതിനെ തടയാൻ ഒന്നും ചെയ്തില്ല എന്നാണ് സ്കോട്ട് മോറിസൺ നേരിടുന്ന വിമർശനം. എന്നാൽ ഇക്കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അത് സോളമൻ ദ്വീപ് പ്രധാനമന്ത്രിയെ അറിയിക്കുകയും ആശങ്കകൾ അസ്ഥാനത്താണെന്ന് അദ്ദേഹം തനിക്ക് ഉറപ്പു നൽകിയതായും മോറിസൺ പ്രതികരിച്ചിരുന്നു. ജപ്പാനും തങ്ങളുടെ പ്രതിനിധിയെ സോളമൻ ദ്വീപിലെക്കു അയച്ചു ചർച്ച നടത്തിയിരുന്നു. പസിഫിക് മേഖലയിലെ ചൈനീസ് സാന്നിധ്യം അമേരിക്കയ്ക്കും സഖ്യ രാജ്യങ്ങൾക്കും എത്രത്തോളം പ്രശ്നമാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കങ്ങൾ.