യുക്രെയ്ന് ആയുധവുമായി യുഎസും 30 സഖ്യ രാജ്യങ്ങളും; ആണവയുദ്ധമുണ്ടാകുമെന്ന് റഷ്യയുടെ ഭീഷണി.

കീവ്: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ അധ്യക്ഷതയിൽ ജർമനിയിലെ റാംസ്റ്റെയ്ൻ വ്യോമത്താവളത്തിൽ 40 സഖ്യരാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് റഷ്യ യുക്രൈൻ യുദ്ധത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി. യുഎസും 30 സഖ്യരാജ്യങ്ങളും യുക്രെയ്നിന് ആയുധങ്ങൾ വാഗ്ദാനം ചെയ്തെന്ന് ഓസ്റ്റിൻ പറഞ്ഞു. ഇതേസമയം, യുക്രെയ്നിന് ആധുനിക ആയുധങ്ങൾ നൽകി യുഎസും സഖ്യരാജ്യങ്ങളും പരോക്ഷ യുദ്ധം നടത്തുകയാണെന്നും ഇതു മൂന്നാം ലോകയുദ്ധത്തിനു കാരണമാകുമെന്നും റഷ്യ ആരോപിച്ചു. ആണവ യുദ്ധഭീഷണി അവഗണിക്കരുതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രി സെർഗെയ് ലാവ്റോവ് മുന്നറിയിപ്പ് നൽകി. യുക്രെയ്‌നിനെ മുന്നിൽ നിർത്തി നാറ്റോയാണ് യുദ്ധം ചെയ്യുന്നത്. മൂന്നാം ലോകമഹായുദ്ധത്തിനുള്ള സാധ്യത ഗൗരവമായിത്തന്നെ കാണണമെന്നും യുക്രെയ്‍നിന് കൂടുതൽ ആയുധങ്ങൾ നൽകി എരിതീയിൽ എണ്ണ ഒഴിക്കരുതെന്നും സെർഗെയ് ലാവ്‌റോവ് പറഞ്ഞു.

എന്നാൽ റഷ്യ തങ്ങളോട് യുദ്ധംചെയ്ത് തളരുകയാണെന്ന അവകാശവാദം യുക്രെയ്ൻ വീണ്ടും ഉന്നയിച്ചു. മരിയൂപോളിനെ മാത്രമേ പൂർണ്ണമായും പിടിക്കാൻ റഷ്യയ്‌ക്ക് സാധിച്ചിട്ടുള്ളുവെന്നും അവിടേയും സാധാരണക്കാരെ ബന്ദിയാക്കിയുള്ള നാടകമാണ് നടത്തുന്നതെന്നും സെലൻസ്‌കി പറഞ്ഞു. ആണവ യുദ്ധം നേരിടേണ്ടിവരുമെന്ന് ആവർത്തിക്കുന്ന റഷ്യ തങ്ങളോട് യുദ്ധം ചെയ്ത് തളർന്നതിന്റെ ഏറ്റവും പ്രത്യക്ഷമായ തെളിവാണെന്നും സെലൻസ്‌കി പറഞ്ഞു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മോസ്കോയിലെത്തി ലാവ്റോവുമായി ചർച്ച നടത്തി. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് കീവിലെത്തി യുക്രെയ്ൻ പ്രസിഡന്റും മറ്റുമായി ചർച്ച നടത്തും. നയതന്ത്ര പരിഹാരത്തിന് റഷ്യ തയാറാണെന്ന് ലാവ്റോവ് ഗുട്ടെറസിനെ അറിയിച്ചു. രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റാഫേൽ മരിയാനോ ഗ്രോസി ചെർണോബിൽ ആണവനിലയം സന്ദർശിച്ചു. മരിയുപോളിൽ സമാധാന ചർച്ച തുടരാമെന്ന യുക്രെയ്നിന്റെ നിർദേശം ലാവ്റോവ് തള്ളി.

ഇതേസമയം, കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കി. ഹർകീവിൽ തുടർച്ചയായ മിസൈൽ, ബോംബ് ആക്രമണങ്ങൾ നടത്തി. ഡോണെറ്റ്സ്കിൽ ഷെല്ലാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടു. ആക്രമണം തുടരുന്ന ടൊറെസ്ക് നഗരത്തിൽ വെള്ളം ഉൾ‌പ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം രൂക്ഷമായി. റഷ്യ യുക്രെയ്‌ന് മേൽ യുദ്ധം ആരംഭിച്ചിട്ട് 63 ദിവസം പിന്നിട്ടിരിക്കുകയാണ്.