വിജയവാഡ ആന്ധ്രയുടെ പുതിയ തലസ്‌ഥാനം

vijayawadaവിജയവാഡ: ആന്ധ്രയുടെ പുതിയ തലസ്ഥാനമായി കാര്‍ഷിക മേഖലയായ വിജയവാഡയെ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണു നിയമസഭയില്‍ നടത്തിയത്‌. യു.പി.എ. സര്‍ക്കാര്‍ നിയോഗിച്ച ശിവരാകൃഷ്‌ണ കമ്മിറ്റിയുടെ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ വിജയവാഡയെ തലസ്‌ഥാനമാക്കാന്‍ തീരുമാനിച്ചത്‌.

സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായി വേണം തലസ്ഥാനം എന്ന ആലോചനയുടെ വെളിച്ചത്തിലാണ് വിജയവാഡ തെരഞ്ഞെടുത്തതെന്നും മൂന്നു മെഗാ സിറ്റികളും 14 സ്മാര്‍ട് സിറ്റികളും അടങ്ങുന്ന വികേന്ദ്രീകൃത വികസന മോഡലാവും സംസ്ഥാനം പിന്തുടരുക എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കഴിഞ്ഞ ജൂണിലാണു തെലുങ്കാനയും ആന്ധ്രയും രണ്ടു സംസ്‌ഥാനങ്ങളായി വഴിപിരിഞ്ഞത്‌. വിഭജന ധാരണ പ്രകാരം അടുത്ത പത്തു വര്‍ഷത്തേയ്‌ക്ക്‌ അവിഭക്‌ത ആന്ധ്രയുടെ തലസ്‌ഥാനമായ ഹൈദരാബാദിനെ പൊതുതലസ്‌ഥാനമായി ഉപയോഗിക്കാം.

കൃഷ്‌ണ ജില്ലയുടെ ഭാഗമായ വിജയവാഡയ്‌ക്കു തെലുങ്ക്‌ സാഹിത്യത്തില്‍ നിര്‍ണായക സ്‌ഥാനമാണുള്ളത്‌. ഈ മേഖലയില്‍ ഉപയോഗിക്കുന്ന തെലുങ്കാണു അച്ചടിഭാഷയായി കണക്കാക്കുന്നത്‌. കുച്ചിപ്പുഡിയുടെ ജന്മസ്‌ഥലവും ഈ മേഖലയാണ്‌.