സ്വർണക്കടത്ത് കേസ്: സ്വപ്ന സുരേഷും സന്ദീപ് നായരും എൻഐഎ കസ്റ്റഡിയിൽ

സർക്കാറിന് തിരിച്ചടി; ഇഡിക്കെതിരായ രണ്ട് എഫ്.ഐ.ആറും ഹൈക്കോടതി റദ്ദാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് സ്വപ്നയെയും സന്ദീപ് നായരെയും ബെംഗളൂരുവിൽ നിന്ന് കസ്റ്റ‍ഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണത്തിൻ്റെ ഭാഗമായി ഇരുവരെയും നാളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിൻ്റെ തൊട്ടടുത്ത ദിവസമാണ് ഇരുവരും കസ്റ്റഡിയില്‍ ആയത്. ഇവരെ അറസ്റ്റു ചെയ്ത വിവരം എൻഐഎ സംഘം തിരുവനന്തപുരത്തെ കസ്റ്റംസ് ഡിവിഷനൽ ഓഫിസിലെ അന്വേഷണ സംഘത്തെ അറിയിച്ചു. സംഭവ ശേഷം കഴിഞ്ഞ ഏഴ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു.

ബെംഗളുരു കോറമംഗലയിലെ ഒരു ഫ്ലാറ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് സ്വപ്ന സുരേഷ് കസ്റ്റഡിയിലായതെന്നാണ് വിവരം. സുധീന്ദ്രറായ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നും സൂചനയുണ്ട്. സ്വപ്നയ്ക്കൊപ്പം ഭർത്താവും മക്കളുമുണ്ടായിരുന്നു. മൊബൈൽ ഫോൺ വിളികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ എൻഐഎ പിടിയിലായത്.

ഒന്നാം പ്രതിയും കോൺസുലേറ്റിലെ മുൻ പിആർഒയുമായ സരിത്ത് കസ്റ്റംസിൻ്റെ കസ്റ്റഡിയിലാണ്. വിദേശത്തുള്ള ഫൈസൽ ഫരീദാണ് മൂന്നാം പ്രതി. ഇയാളും എൻഐഎ കസ്റ്റഡിയിലായെന്ന് സൂചനയുണ്ട്.

കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ ഫ്ലാറ്റിൽ ശനിയാഴ്ച റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം സന്ദർശക റജിസ്റ്ററും വാടക രസീതും പിടിച്ചെടുത്തിരുന്നു. സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം മൂന്നാം പ്രതിയായ ഫൈസൽ ഫരീദും സംഘവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം ലഭിച്ചതായാണ് സൂചന. അതിനാൽ തന്നെ യുഎപിഎ വകുപ്പ് കൂടി ചുമത്തിയാണ് എൻഐഎ അന്വേഷണം. പ്രധാനമായും പ്രതികൾക്ക് തീവ്രവാദ ബന്ധുമുണ്ടോ എന്നാണ് എൻഐഎ പരിശോധിക്കുക എന്നാണ് റിപ്പോർട്ടുകൾ. സ്വർണ്ണത്തിൻ്റെയും പണത്തിൻ്റെയും ഉറവിടം, സ്വർണ്ണം ആർക്കാണ് കൈമാറാൻ ഉദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങളും എൻഐഎ അന്വേഷിക്കും.

സ്വർണക്കടത്ത്: എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു; തീവ്രവാദ ബന്ധവും അന്വേഷിക്കും