സ്വർണക്കടത്ത്: എൻഐഎ ആദ്യ കുറ്റപത്രം സമർപ്പിച്ചു; തീവ്രവാദ ബന്ധവും അന്വേഷിക്കും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 30 കിലോയിൽ അധികം സ്വർണം കടത്തിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചു. സ്വപ്നസുരേഷും, സരിത്തും, സന്ദീപും ഉൾപ്പെടെ നാലുപേരെ പ്രതിചേർത്തു എൻഐഎ കുറ്റപത്രം സമർപ്പിച്ചു. കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശി പി.എസ്.സരിത്താണു കേസിലെ ഒന്നാം പ്രതി, തിരുവനന്തപുരം സ്വദേശികളായ സ്വപ്ന സുരേഷ് (രേഖകളിൽ സ്വപ്നപ്രഭാ സുരേഷ്), സന്ദീപ് നായർ എന്നിവർ രണ്ടും നാലും പ്രതികൾ. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ കുടുംബാംഗം അയച്ച പാഴ്സൽ ഒരുക്കിയ കൊച്ചി സ്വദേശി ഫാസിൽ ഫരീദാണു മൂന്നാം പ്രതി. കേസിൽ കൂടുതൽ പേർ പ്രതികളാകും. സ്വർണം ഒളിപ്പിച്ച പാഴ്സലിൽ ചില കുറിപ്പുകളും കണ്ടെത്തിയെന്നും ഇതു ദേശവിരുദ്ധ സ്വഭാവമുള്ളതാണെന്നും പറയുന്നു. ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

യുഎപിഎ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നതെന്ന് എൻഐഎ കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേരളത്തിലെത്തുന്ന സ്വർണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് മൂലധനമാകുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിൻമേലാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത് എന്നാണ് വിശദീകരണം. രാജ്യസുരക്ഷയ്ക്കും, സുഹൃദ് രാജ്യവുമായുള്ള ബന്ധത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന കേസാണിതെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള യുഎപിഎയിലെ 16, 17, 18 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുള്ളത്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഈ കളളക്കടത്ത്. മികച്ച നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കുന്ന രീതിയിലാണ് നയതന്ത്ര ബാഗ് വഴി സ്വർണക്കള്ളക്കടത്ത് നടന്നത്. യുഎഇ കോൺസുലേറ്റിന്‍റെ അറിവില്ലാതെയാകാം ഇത്തരത്തിൽ സ്വർണം എത്തിയിരിക്കാൻ സാധ്യതയെന്നും എൻഐഎ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് ഈ രാജ്യാന്തര കളളക്കടത്തിനെ നിസാരമായി കാണാന്‍ സാധിക്കില്ലെന്ന ശക്തമായ വാദമാണ് സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ എട്ടു ബാഗേജുകള്‍ എത്തി. കേസില്‍ മററ് പ്രതികളെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. എത്ര വലിയ സ്വർണക്കടത്തു കേസുകൾ പിടിച്ചാൽ പോലും കസ്റ്റംസ് കേസിൽ നിയമപരമായി പരിധികളുണ്ട്. പൊലീസിനുള്ളതു പോലെ അധികാരങ്ങൾ ഇല്ലാത്തതിനാൽ കേസെടുക്കുന്നതിനും തുടർ നടപടികൾക്കും സാധ്യത വളരെ കുറവാണ്. ഒരാളിൽ നിന്ന് സ്വർണം പിടിച്ചാൽ അയാളുടെ പേരിൽ മാത്രം കേസ് ചാർജ് ചെയ്യാനേ കസ്റ്റംസിനു സാധിക്കൂ. മറ്റൊരാളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാനോ ചോദ്യം ചെയ്യാനോ സാധിക്കുകയില്ല. ഒരു കേസിൽ എഫ്ഐആർ ഇടാൻ പൊലീസിനുള്ള അധികാരം മറ്റ് ഏജൻസികൾക്കില്ല. കസ്റ്റംസ്, ഡിആർഐ, സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഇവയ്ക്കെല്ലാം സമൻസ് പോലെ ഒരു റിപ്പോർട്ട് തയാറാക്കുക മാത്രമാണ് ചെയ്യുക. അതുകൊണ്ടു തന്നെ സിബിഐക്ക് കേസിൽ ഇടപെടാനാവില്ല. സംസ്ഥാന പൊലീസ് എടുത്ത കേസിൽ സർക്കാരോ ഹൈക്കോടതിയോ ഉത്തരവിട്ടാൽ മാത്രം സിബിഐക്ക് കേസ് ഏറ്റെടുക്കാം. എന്നാൽ എൻഐഎയ്ക്ക് യുഎപിഎ വകുപ്പുകളുടെ പരിധിയിൽ വരുന്ന കേസുകളിൽ അന്വേഷണം നടത്താം.

സ്വപ്‌നക്കും സരിത്തിനും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. മൂന്ന് പേര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വപ്‌ന മറ്റുകേസുകളിലും പ്രതിയായതിനാല്‍ ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. സ്വപ്‌നക്കും സരിത്തിനും സന്ദീപിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂരജിൻ്റെ ഭാര്യ സൗമ്യ മൊഴി നല്‍കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സ്വർണം കടത്തുന്നവരുടെ ഭീകര ബന്ധം നേരത്തെ തന്നെ കേന്ദ്ര ഏജൻസികൾ തിരിച്ചറിഞ്ഞിരുന്നതാണ്. ഇതു സംബന്ധിച്ച് വിവിധ തലങ്ങളിൽ അന്വേഷണം ഉണ്ടായിട്ടുണ്ടെങ്കിലും രാജ്യാന്തര തലങ്ങളിലേയ്ക്ക് എത്തിച്ച് കടത്തലിൻ്റെ മുഖ്യകണ്ണികളെ പിടികൂടാൻ സാധിക്കാതെ പോയിട്ടുണ്ട്. ഇതു തന്നെയാണ് ഇപ്പോഴും കടത്ത് നിർബാധം തുടരുന്നതിന് കാരണവും എന്നാണു വിലയിരുത്തൽ. സ്വർണം കടത്തുന്ന കാരിയർമാരെ അല്ലാതെ ‌ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന യഥാർഥ കുറ്റവാളികളെ മറനീക്കി പുറത്തു കൊണ്ടുവന്നെങ്കിൽ മാത്രമേ അന്വേഷണം ഫലവത്തായി എന്നു പറയാൻ സാധിക്കൂ. ഓരോത്തവണയും സ്വർണക്കടത്ത് വാർത്തകളിൽ നിറയുമ്പോൾ ഉയരുന്ന ചോദ്യമാണ് ഈ സ്വർണമെല്ലാം എവിടെ നിന്ന് വരുന്നു, എവിടേക്കു പോകുന്നു എന്നത്. ആഭ്യന്തര മാർക്കറ്റിൽ ഒരു വർഷം ഔദ്യോഗികമായി നികുതിയടച്ചു രേഖകളുമായി എത്തുന്നതിൻ്റെ മൂന്നിരട്ടി സ്വർണം ഇവിടെ അല്ലാതെ എത്തുന്നതായാണ് കണക്ക്.

ആറു ദിവസം കഴിഞ്ഞിട്ടും സ്വപ്നയെ കസ്റ്റംസിനു കണ്ടെത്താനായില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ഉന്നതതലത്തിൽ വൻ സൗഹൃദമുള്ള സ്വപ്നയെ കസ്റ്റംസിൻ്റെ പരിമിത ആൾബലം വച്ചു കണ്ടെത്തുക എളുപ്പമല്ലെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ഇതേസമയം, വ്യാജരേഖ ചമച്ച് ഐടി വകുപ്പിനു കീഴിൽ ജോലി സമ്പാദിച്ചെന്ന വിവരം പുറത്തുവന്നിട്ടും സ്വപ്നയെ തിരയാൻ കേരള പൊലീസ് തയാറായിട്ടില്ല. അതിനിടെ സ്വപ്ന സുരേഷിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി അടുത്ത ചൊവ്വാഴ്ചത്തേക്കു മാറ്റി. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യമായതിനാല്‍ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്.

സ്വര്‍ണ്ണക്കടത്ത് കേസ്: അന്വേഷണം എന്‍ഐഎക്ക് കൈമാറി