ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദരവ്.

വെളിച്ചം ദു:ഖമാണുണ്ണീ… തമസ്സല്ലോ സുഖപ്രദം… !”
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദരവ്. അക്കിത്തം അച്യുതൻ നമ്പൂതിരിയ്ക്ക് ഈ വർഷത്തെ ജ്ഞാനപീഠപുരസ്കാരം. എം.ടിക്കും, ഒ.എൻ.വിക്കും, ജി. ശങ്കരക്കുറുപ്പിനും, തകഴിക്കും, പൊറ്റക്കാടിനും ശേഷം സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളി.

1926 മാർച്ച് 18 നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ അമേറ്റിക്കര അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി ജനിച്ചു. ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. പിന്നീട് ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. കുമരനെല്ലൂർ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. പഠനം തുടരാനായില്ല. ചിത്രകല, സംഗീതം, ജ്യോതിഷം എന്നിവയിലായിരുന്നു ആദ്യം താൽപര്യം.

എട്ടാം വയസ്സു മുതൽ കവിത എഴുതിത്തുടങ്ങി. ഇടശ്ശേരി, വി.ടി. ഭട്ടതിരിപ്പാട്, ഉറൂബ്, നാലപ്പാട്ട് നാരായണമേനോൻ തുടങ്ങിയ വലിയ പ്രതിഭകൾക്കൊപ്പം പൊന്നാനിക്കളരിയിൽ അംഗമായത് അക്കിത്തത്തിലെ കവിയെ ഉണർത്തി. ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാകാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉണ്ണി നമ്പൂതിരി, മംഗളോദയം, യോഗക്ഷേമം എന്നിവയിൽ പത്രപ്രവർത്തകനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. ലോകപ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്.

വി.ടി. ഭട്ടതിരിപ്പാടിനൊപ്പം സമുദായ നവീകരണ യജ്ഞത്തിൽ പങ്കാളിയായ അക്കിത്തം കേരളീയ നവോത്ഥാന ചരിത്രത്തിന്റെ ഭാഗംകൂടിയാണ്. 1956 കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് റൈറ്ററായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം 1975 ആകാശവാണി തൃശൂർ നിലയത്തിൽ എഡിറ്ററായി. 1985 -ൽ ആകാശവാണിയിൽ നിന്നും വിരമിച്ചു. ചെറുകഥകളും ലേഖനങ്ങളും നാടകവും വിവർത്തനങ്ങളുമടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ രചനകളുടെ സ്രഷ്ടാവായ അദ്ദേഹത്തിന്  ഓടക്കുഴൽ അവാർഡ്, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, ആശാൻ പുരസ്കാരം, ജ്ഞാനപ്പാന പുരസ്കാരം, എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്ക് പുറമേ 2008 -ൽ എഴുത്തച്ഛൻ പുരസ്കാരവും നേടുകയുണ്ടായി. 2017-ൽ ഈ മഹദ്’വ്യക്തിത്വത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു .

ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഒരു കുല മുന്തിരിങ്ങ, ഒരു കുടന്ന നിലാവ് മനഃസാക്ഷിയുടെ പൂക്കൾ, മധുവിധു, അരങ്ങേറ്റം, മനോരഥം, വെണ്ണക്കല്ലിന്റെ കഥ,കടമ്പിൻ പൂക്കൾ, സഞ്ചാരികൾ, മാനസപൂജ, നിമിഷ ക്ഷേത്രം, പഞ്ചവർണക്കിളികൾ (കവിതാ സമാഹാരം), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ബലിദർശനം, കുതിർന്ന മണ്ണ്, ധർമ സൂര്യൻ, ദേശസേവിക (ഗ്രന്ഥകാവ്യം), ഈ എട്ടത്തി നുണയേ പറയൂ (നാടകം). അവതാളങ്ങൾ, കാക്കപ്പുള്ളികൾ (ചെറുകഥാ സമാഹാരം). ഉപനയനം, സമാവർത്തനം (ലേഖനസമാഹാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.‌