പുൽവാമയ്ക്കു പിന്നിൽ പാക്ക് സൈന്യവും ഐ.എസ്.ഐയും: ഇന്ത്യ; ആക്രമിച്ചാൽ തിരിച്ചടിക്കും: പാക്കിസ്ഥാൻ

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാക്ക് സൈന്യത്തിനും ചാര സംഘടയായ ഐ. എസ്. ഐ -യ്ക്കും നേരിട്ടു പങ്കുണ്ടെന്ന് ഇന്ത്യൻ കരസേന. ആക്രമണം നടത്തിയ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് പാക്ക് സൈന്യത്തിന്റെ നിയന്ത്രണത്തി ലാണു പ്രവർത്തിക്കുന്നതെന്നു കശ്മീരിൽ സേനാ നടപടികൾക്കു നേതൃത്വം നൽകിയ 15 കോർ കമാൻഡർ ലഫ്. ജനറൽ കെ. ജെ. എസ്. ധില്ലൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനു പിന്നിലെ പാക്കിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചത്. സൈനികതലത്തിൽ പാക്കിസ്ഥാനെതിരെ ശക്തമായ നടപടിക്ക് ഇന്ത്യ ഒരുങ്ങുന്നുവെന്നതിന്റെ സൂചന കൂടിയാണ് കമാൻഡറുടെ വാക്കുകൾ. പുൽവാമ ആക്രമണം നടന്ന് 100 മണിക്കൂറിനകം ജയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ നേതാക്കളെ സേന വധിച്ചതായി ധില്ലൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വധിച്ച കമ്രാൻ ജയ്ഷിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ മേധാവിയായിരുന്നു. പാക്ക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും നിർദേശങ്ങൾക്കനുസരിച്ചാണ് ഇയാൾ പ്രവർത്തിച്ചത്. ഇയാളുൾപ്പെടെ 3 ഭീകരരെ വധിച്ചു.

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കു വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ നൽകാമെങ്കിൽ നടപടിയെടുക്കാമെന്നും ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചർച്ചയ്ക്കു തയാറാണെന്നും പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആക്രമണത്തിന് ഇന്ത്യ ശ്രമിച്ചാൽ തിരിച്ചടിക്കുമെന്നും യുദ്ധം തുടങ്ങാൻ എളുപ്പവും അവസാനിപ്പിക്കാൻ പ്രയാസവുമാണെന്നും ഇമ്രാൻ പറഞ്ഞു. പുൽ‍വാമ ചാവേർ സ്ഫോടനം നടന്ന് 5 ദിവസത്തിനുശേഷം നടത്തിയ പ്രസ്താവനയിൽ പക്ഷേ, ഭീകരാക്രമണത്തെ അപലപിക്കാൻ പാക്ക് പ്രധാനമന്ത്രി തയാറായില്ല.

ഭീകരാക്രമണവുമായി ബന്ധമില്ലെന്നു വാദിക്കുന്നതു പാക്കിസ്ഥാന്റെ പതിവുരീതിയാണെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെയും തലവൻ മസൂദ് അസ്ഹറിന്റെയും താവളം പാക്കിസ്ഥാനാണെന്നതു തന്നെ അനിഷേധ്യ തെളിവാണെന്ന് ഇന്ത്യ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തെക്കുറിച്ചു തെളിവു നൽകി 10 വർഷം കഴിഞ്ഞിട്ടും അന്വേഷണം പുരോഗമിച്ചിട്ടില്ല. പഠാൻകോട്ട് വ്യോമത്താവള ആക്രമണക്കേസിലും പുരോഗതിയില്ല. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇന്ത്യയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണം വ്യാജമാണ്. ഇന്ത്യയുടെ ജനാധിപത്യം ലോകത്തിനു മാതൃകയാണെന്നും അതു പാക്കിസ്ഥാന് ഒരിക്കലും മനസിലാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഭീകരവാദത്തെ നേരിടാൻ ഇന്ത്യയ്ക്കു നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേൽ. ഭീകരരെ തുടച്ചുനീക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, പാക്കിസ്ഥാൻ കൂടുതലായി ഒറ്റപ്പെടുമ്പോൾ ലോകരാഷ്ട്രങ്ങളിൽനിന്ന് ഇന്ത്യയ്ക്കു കിട്ടുന്ന പിന്തുണയുടെ തെളിവാണു യുഎസിന്റെയും ഇസ്രയേലിന്റെയും പ്രസ്താവനകൾ. ഇന്ത്യയിൽ പുതുതായി നിയമിതനായ ഇസ്രയേൽ സ്ഥാനപതി ഡോ. റോൺ മൽക്ക ആണു പിന്തുണ അറിയിച്ചത്. ഇന്ത്യയ്ക്കു പ്രതിരോധിക്കാൻ എന്താണോ വേണ്ടത്, അതു നിയന്ത്രണമില്ലാതെ നൽകും. പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിനു മറുപടി നൽകാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്കു പിന്തുണ ആവർത്തിച്ചു യുഎസ് രംഗത്തെത്തി. ഭീകരാക്രമണത്തിന്റെ വേരറുക്കാൻ ഇന്ത്യൻ സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണെന്നു യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ ബെംഗളൂരുവിൽ പറഞ്ഞു.