എൻജിൻ ‘തകർന്നു’; അടിയന്തരമായി വിമാനം നിലത്തിറക്കി, യാത്രക്കാർ സുരക്ഷിതർ

സിഡ്നി ∙ എൻജിനിൽ വലിയ ദ്വാരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പറന്നുയർന്ന വിമാനം സുരക്ഷിതമായി താഴെയിറക്കി. സിഡ്നിയിൽനിന്നും ചൈനയിലെ ഷാൻഹായിലേക്ക് പോകേണ്ടിയിരുന്ന ചൈന ഈസ്റ്റേൺ വിമാനമാണ് തിരികെ സിഡ്നിയിൽ തന്നെ ഇറക്കിയത്. എയർബസ് എ330–200 ട്വിൻ ജെറ്റ് വിമാനമാണ് തിങ്കളാഴ്ച അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

വിമാനം പറന്നുയർന്ന് അൽപസമയ ത്തിനുശേഷം ഇടത് എൻജിനുള്ള ഭാഗത്ത് എന്തോ പ്രശ്നമുള്ളതായി വിമാന ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് അടിയന്തരമായി വിമാനം സിഡ്നി വിമാനത്താവളത്തിൽ തന്നെ ഇറക്കാൻ തീരുമാനിച്ചു. താഴെ ഇറങ്ങിയപ്പോഴാണ് ഭീകരമായ അവസ്ഥ മനസിലായത്. വിമാനത്തിന്റെ ഇടതു എൻജിന്റെ വലിയൊരു ഭാഗം തകർന്നിരിക്കുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.

റോൾസ് റോയിസ് ആണ് വിമാനത്തിന്റെ എൻജിൻ നിർമ്മിച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടുവെന്നും പരിശോധിക്കുകയാണെന്നും അവർ അറിയിച്ചു. സംഭവത്തിൽ ഓസ്ട്രേലിയൻ ട്രാൻസ്പോര്‍ട്ട് സേഫ്റ്റ് ബ്യൂറോയും ചൈനയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം പറന്നുയർന്ന് അൽപസമയത്തിനകം എന്തോ കത്തുന്ന മണവും തകരുന്ന ശബ്ദവും കേട്ടിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. എല്ലാരും ഭയന്നു. തുടർന്ന് വിമാന ജീവനക്കാർ എല്ലാവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചുവെന്നും യാത്രക്കാർ പറഞ്ഞു.