തൊഴിലില്ലായ്മ നേരിടാൻ, വിദേശ തൊഴിലാളികളുടെ വീസ റദ്ദാക്കലിന് ഓസ്ട്രേലിയയും

മെൽബൺ ∙ അമേരിക്കയ്ക്കു പിന്നാലെ തൊഴിലില്ലായ്മ നേരിടാൻ, വിദേശ തൊഴിലാളികളുടെ വീസ റദ്ദാക്കലിന് ഓസ്ട്രേലിയയും ഒരുങ്ങുന്നു. ഇന്ത്യക്കാരുൾപ്പെടെ ഒരു ലക്ഷത്തോളം വിദേശ തൊഴിലാളികളെ ഈ നീക്കം ബാധിക്കും. പകരം, കടുത്ത നിബന്ധനകളോടെ പുതിയ വീസ പദ്ധതി പ്രഖ്യാപിക്കും. കമ്പനികൾ ഓസ്ട്രേലിയക്കാർക്കു പകരം വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാനാണ് സർക്കാരിന്‍റെ നീക്കം. എച്ച്1ബി1 വീസയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് സ്വീകരിച്ചതും സമാന നിലപാടായിരുന്നു.

തദ്ദേശീയ തൊഴിലാളികളെ കിട്ടാതെ വന്നാൽ ഓസ്ട്രേലിയൻ കമ്പനികൾക്ക് വിദഗ്ധരായ വിദേശ തൊഴിലാളികളെ നാലു വർഷത്തേക്കു കൊണ്ടുവരാൻ‌ അനുമതി നൽകുന്നതാണ് 457 വീസ എന്നറിയപ്പെടുന്ന പദ്ധതി. കുടിയേറ്റരാജ്യമാണ് ഓസ്ട്രേലിയ എന്നത് ഓർമിച്ചുതന്നെയാണ് 457 വീസ പദ്ധതി റദ്ദാക്കാൻ തീരുമാനമെടുത്തതെന്നു പ്രധാനമന്ത്രി മാൽകം ടേൺബുൾ അറിയിച്ചു. ‘രാജ്യത്തെ തൊഴിലവസരങ്ങളിൽ തദ്ദേശീയർക്കാവണം മുൻഗണന. 457 വീസ പദ്ധതി തൊഴിലിനുള്ള പാസ്പോർട്ടായി മാറാൻ ഒരിക്കലും അനുവദിക്കില്ല. വൈദഗ്ധ്യമുള്ള തൊഴിലാളികളെ കണ്ടെത്തുന്നതിൽ ‘ഓസ്ട്രേലിയക്കാർ ആദ്യം’ എന്ന നയം പിന്തുടരും.’ – ടേൺബുൾ പറഞ്ഞു.

2016 സെപ്റ്റംബർ 30 വരെയുള്ള കണക്ക് അനുസരിച്ച്, 457 വീസ നേടിയ 95,757 തൊഴിലാളികൾ ഓസ്ട്രേലിയയിൽ ഉണ്ട്. 457 വീസ പദ്ധതി ഉപയോഗപ്പെടുത്തിയിട്ടുള്ളവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. പിന്നാലെ യുകെ, ചൈന എന്നിവിടങ്ങളിൽനിന്നുള്ളവരുമുണ്ട്.