കയ്റോയിൽ നടന്ന ചർച്ച വിജയിച്ചില്ല; റഫയിലുൾപ്പടെ ഗസ്സയുടെ വിവധയിടങ്ങളിൽ ആക്രമണം തുടർന്ന് ഇസ്രായേൽ

ഗാസ: കയ്റോയിൽ നടന്ന വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടതോടെ ഈജിപ്ത് അതിർത്തി നഗരമായ റഫ ഇസ്രയേൽ ആക്രമണഭീതിയിൽ. യുഎസ്, ഇസ്രയേൽ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ മുൻകൈയെടുത്താണ് കയ്റോയിൽ സമാധാന ചർച്ച നടന്നത്. ഒരുതരത്തിലുള്ള ധാരണയിലുമെത്താതെ ചർച്ച അവസാനിച്ചു. റഫയിലുൾപ്പടെ ഗസ്സയുടെ വിവധയിടങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ആശ്വാസം തേടി 10 ലക്ഷത്തിലേറെ പലസ്തീൻകാരാണ് റഫയിൽ അഭയം തേടിയിരിക്കുന്നത്.

ഗസ്സയിൽ വെടിനിർത്തലും ബന്ദിമോചനവും ചർച്ച ചെയ്യാൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ ഡയറക്ടർ ഈജിപ്തിലെത്തി. ഹമാസ് പിടിയിലുള്ള ബന്ദികൾക്ക് പകരം ഫലസ്തീൻ തടവുകാരെ മോചിപ്പിക്കാനും യുദ്ധം താൽക്കാലികമായി നിർത്താനുമുള്ള കരാർ തയാറാക്കാനാണ് സി.ഐ.എ ഡയറക്ടർ വില്യം ബേൺസ് കെയ്‌റോയിലെത്തിയത്. റഫയിൽ അഭയാർഥികളായ 14 ലക്ഷം മനുഷ്യരുടെ സുരക്ഷ ഉറപ്പുവരുത്താതെ കരയുദ്ധം നടത്തുന്നതിനെതിരെ ലോകരാജ്യങ്ങൾ മുന്നറിയിപ്പ്​ നൽകിയ സാഹചര്യത്തിലാണ്​ വില്യം ബേൺസി​ന്റെ സന്ദർശനം. ദീർഘകാല വെടിനിർത്തൽ യാഥാർഥ്യമാക്കാൻ മധ്യസ്​ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ചർച്ചകൾ തുടരുകയാണ്. ഇസ്രായേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ്​ തലവൻ ഡേവിഡ് ബാർണിയയുമായും വില്യം ബേൺസ് ചർച്ച നടത്തി. റഫയിൽ ഇസ്രായേലിന്റെ ആസൂത്രിത സൈനിക നടപടിയെ അന്താരാഷ്ട്ര തലത്തിൽ വംശഹത്യക്കെതിരെ പ്രവർത്തിക്കുന്ന ലെംകിൻ ഇൻസ്റ്റിറ്റ്യൂട്ട് നിശിതമായി അപലപിച്ചു.

പോംവഴി തേടി ചർച്ചകൾക്ക് തുർക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ ഈജിപ്തിലെത്തിയിട്ടുണ്ട്. ഇതാദ്യമാണ് എർദൊഗാൻ തുർക്കി സന്ദർശിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം സിഐഎ ഡയറക്ടർ വില്യം ബേൺസുമായും ചർച്ച നടത്തി. പലസ്തീൻ ജനതയ്ക്കു കൂടുതൽ ദുരിതം ഒഴിവാക്കാൻ ഹമാസ് ഇസ്രയേലുമായി ബന്ദി കൈമാറ്റ ചർച്ച നടത്തണമെന്ന് പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അഭ്യർഥിച്ചു.

വെടിനിർത്തൽ സംബന്ധിച്ച് ഇസ്രായേൽ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവതരമല്ലെന്നും കരാറിലെത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന് താൽപ്പര്യമില്ലെന്നും ലെബനാനിലെ ഹമാസ് നേതാവ് ഒസാമ ഹംദാൻ ആരോപിച്ചു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ മൂന്ന് ഇസ്രായേൽ തടവുകാർ കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.

ഇതേസമയം, ഇപ്പോഴത്തെ സംഘർഷത്തിനു കാരണമായ, കഴിഞ്ഞ ഒക്ടോബർ 7-ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു നേതൃത്വം നൽകിയ കമാൻഡർ യഹ്യ സിൻവർ ഖാൻ യുനുസിലെ ഒരു തുരങ്കത്തിൽ കുടുംബത്തിനൊപ്പം ഒളിച്ചുകഴിയുന്നതിന്റെ വിഡിയോ ഇസ്രയേൽ സേന പുറത്തുവിട്ടു. ഹമാസിന്റെ എസ്ഡൈൻ അൽ ക്വസം ബ്രിഗേഡ് തലവനായ 61-കാരനായ സിൻവർ 23 വർഷം ഇസ്രയേലിൽ ജയിലിലായിരുന്നു. 2011 -ൽ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്–ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിന് പകരമായി സിൻവറെ വിട്ടയയ്ക്കുകയായിരുന്നു.