​ഗാസയിൽ ഇന്നു മുതൽ താൽക്കാലിക വെടിനിർത്തൽ; ആദ്യ ബാച്ച് ബന്ദികളെ കൈമാറും​.

ഗാസ: ഇസ്രയേൽ ഹമാസ് യുദ്ധം തൽക്കാലം അവസാനിപ്പിച്ച് ഇന്ന് പ്രാദേശിക സമയം രാവിലെ ഏഴു മുതൽ ഗാസയിൽ വെടിനിർത്തൽ നടപ്പാകുമെന്ന് വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേൽ ഇൻ്റലിജൻസ് വിഭാഗത്തിന് കൈമാറി. വൈകീട്ട് നാല് മണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറാനാണ് തീരുമാനം. നാല് ദിവസത്തേക്കാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഖത്തറാണ് ചർച്ചകൾക്ക് മധ്യസ്ഥം വഹിക്കുന്നത്. ഒന്നരമാസം കൊണ്ടു പതിനയ്യായിരത്തോളം പേരുടെ ജീവനെടുത്ത യുദ്ധം ആണ് തൽക്കാലം അവസാനിപ്പിക്കുന്നത്.

പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്ക്രോസിനാണ് കൈമാറുക. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി എക്സിലൂടെ (ട്വിറ്റർ) പറഞ്ഞു. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ധാരണയായി. എത്രപേരെ വിട്ടയക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വെടിനിർത്തലോടെ ദുരിതാശ്വാസ സഹായമെത്തിക്കുന്ന 200 ട്രക്കുകളും 4 ഇന്ധന ട്രക്കുകളും പ്രതിദിനം ഗാസയിലെത്തും.

ഇതിനിടെ, ഗാസ സിറ്റിയിലെ അൽ ഷിഫ‌ ആശുപത്രി ഹമാസ് താവളമായി പ്രവർത്തിച്ചിരുന്നതിനു തെളിവുകൾ ലഭിച്ചെന്നു പറഞ്ഞ ഇസ്രയേൽ സൈന്യം ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സാൽമിയയെയും ഏതാനും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇസ്രയേൽ സെക്യൂരിറ്റി അതോറിറ്റിക്കു കൈമാറിയ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്.