ഓസീസിന് ആറാം കിരീടം.

ഓസീസിന് ആറാം കിരീടം.

അഹമ്മാദാബാദ്: സ്വന്തം മണ്ണിലെ ലോകകപ്പിലുടനീളം ചാംപ്യൻമാരെപ്പോലെ കളിച്ച ടീം ഇന്ത്യ കലാശപ്പോരിൽ ഓസീസിന്റെ മുൻപിൽ അടിയറവു പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240-ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്.

ലോകകപ്പിലെ ആദ്യ 2 മത്സരങ്ങളും തോറ്റതോടെ ഏകദിന ക്രിക്കറ്റിൽ ക്യാപ്റ്റനായി നാലേ നാലു മത്സരങ്ങളുടെ പരിചയം മാത്രമുള്ള പേസ് ബോളറായ പാറ്റ് കമിൻസ് എന്ന മുപ്പതുകാരനും ഈ ചുമതല ഏൽപിച്ചാ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡും ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ശേഷം തുടർച്ചയായ 9 ജയങ്ങളുമായി, തങ്ങളുടെ ആറാം ലോകകിരീടവും മുറുകെപ്പിടിച്ചാണ് കമിൻസും സംഘവും നാട്ടിലേക്കു മടങ്ങുന്നത്. ലോകകപ്പിനു മുൻപു നടന്ന ഏകദിന പരമ്പരകളിൽ തുടർതോൽവികൾ ഏറ്റുവാങ്ങിയാണ് കമിൻസും സംഘവും ടൂർണമെന്റിനെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോടും അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടും തോറ്റതോടെ കമിൻസിന്റെ നേതൃപാടവം ചോദ്യം ചെയ്യപ്പെട്ടു. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിങ്ങനെ ക്യാപ്റ്റൻസിയിൽ അനുഭവസമ്പത്തും മികച്ച റെക്കോർഡുമുള്ള താരങ്ങൾ ടീമിലുള്ളപ്പോൾ കമിൻസിനെ ക്യാപ്റ്റനാക്കിയതിനെതിരെ മുൻ താരങ്ങൾ വരെ രംഗത്തെത്തിയിരുന്നു.