ഇസ്രയേല്‍ ഹമാസ് യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയില്‍ തുടരുമെന്ന് നെതന്യാഹു.

ടെല്‍ അവീവ്: ഇസ്രയേല്‍ ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഹമാസിനെ തച്ചുടയ്‌ക്കാനൊരുങ്ങി ഇസ്രയേല്‍ സൈന്യം ഗാസാ സിറ്റിയുടെ ഹൃദയഭൂമിയില്‍ പ്രവേശിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നു. ഹമാസിന്റെ തുരങ്കശൃംഖല തകര്‍ക്കാന്‍ നടത്തുന്ന കനത്ത ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ചുവീഴുന്നത്‌ അവഗണിച്ചാണു മുന്നേറ്റം. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 പേരും ഒക്‌ടോബര്‍ ഏഴിന്‌ ആക്രമണം തുടങ്ങിയശേഷം ഇതുവരെ 10,569 പേരും മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തില്‍ ഹമാസ് ഭീകരര്‍ 1,400 പേരെ കൊല്ലുകയും 240 ഓളം ബന്ദികളെടുക്കുകയും ചെയ്തതിനുശേഷം, ഇസ്രായേല്‍ ഗാസയെ ആകാശത്ത് നിന്ന് ആക്രമിക്കുകയും കരസേനയെ ഉപയോഗിച്ച് തീരപ്രദേശത്തെ രണ്ടായി വിഭജിക്കുകയും ചെയ്തു. ഗാസ സിറ്റിയെ ഇസ്രയേല്‍ സൈന്യം വളഞ്ഞെന്നും വടക്കന്‍ ഗാസ, തെക്കന്‍ ഗാസ എന്നിങ്ങനെ രണ്ടായി വിഭജിച്ചെന്നും ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധത്തിലെ സുപ്രധാന ഘട്ടമാണിതെന്നും ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹഗാരി മാധ്യമങ്ങളോടു പറഞ്ഞു.

വടക്കന്‍ ഗാസയിലുള്ളവര്‍ക്കു തെക്കന്‍ ഗാസ മുനമ്പിലേക്കു മാറാനുള്ള ഒഴിപ്പിക്കല്‍ പാത തുടര്‍ച്ചയായ അഞ്ചാം ദിവസമായ ഇന്നലെയും നാലു മണിക്കൂര്‍ തുറന്നതായി ഇസ്രയേല്‍ അറിയിച്ചു. ആയിരക്കണക്കിന്‌ ആളുകള്‍ തെക്കന്‍ ഗാസയിലേക്കു നീങ്ങിയതായും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ചൊവ്വാഴ്‌ച 15,000 പേര്‍ ഈ പാത വഴി കടന്നുപോയതായി യു.എന്നും അറിയിച്ചു. ഞായറാഴ്‌ച 2,000 പേരും തിങ്കളാഴ്‌ച 5,000 പേരുമാണു പോയത്‌.

ഹമാസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 240 പേരെയും വിട്ടയക്കാതെ ഇസ്രയേല്‍ പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ല. ഗാസയുടെ അടിയില്‍ നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ഹമാസ് നിര്‍മ്മിച്ച തുരങ്ക ശൃംഖല തകര്‍ക്കാന്‍ ഇസ്രയേലിന്റെ കോംബാറ്റ് എഞ്ചിനീയറിംഗ് കോര്‍പ്‌സ് സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ചീഫ് ഇസ്രായേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു. ഹമാസ് ഭീകരരെ ഉന്‍മൂലനം ചെയ്താലും ഗാസയില്‍ നിന്ന് ഇസ്രയേല്‍ പിന്‍വാങ്ങില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിച്ചാലും സൈന്യം ഗാസയില്‍ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസാ മുനമ്പിന്റെ നിയന്ത്രണവും സുരക്ഷാ ചുമതലയും ഇസ്രയേല്‍ ഏറ്റെടുക്കുമെന്നും അദേഹം വ്യക്തമാക്കി.

ഗാസയിൽ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലൻസ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞെട്ടൽ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവർത്തിച്ചു.

അതിനിടെ ഗാസയിലെ കൂട്ടക്കുരുതി ഇസ്രയേല്‍ തുടരുന്നപക്ഷം പശ്‌ചിമേഷ്യയുടെ കൂടുതല്‍ മേഖലകളിലേക്കു യുദ്ധം വ്യാപിക്കുമെന്ന്‌ ലെബനനിലെ ഹിസ്‌ബുള്ള ഉപമേധാവി ഷെയ്‌ഖ്‌ നയിം ക്വാസെം മുന്നറിയിപ്പു നല്‍കി. അതീവ ഗൗരവതരവും അത്യന്തം അപകടകരമായതുമായ സ്‌ഥിതിവിശേഷത്തിലേക്കു പശ്‌ചിമേഷ്യ വഴുതിവീണേക്കാം. അതു തടയാന്‍ ആരാലും സാധിക്കാത്ത സാഹചര്യം ഉരുത്തിരിഞ്ഞേക്കാമെന്നാണു മുന്നറിയിപ്പ്‌.