കേരളത്തെ നടുക്കി സ്ഫോടനം: സ്‌ഫോടനത്തിന് ഉപയോഗിച്ചത് IED.

കളമശേരി സ്ഫോടനം: മരണസംഖ്യ നാലായി; പ്രതിയെ കോടതി 10 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കൊച്ചി: കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. പ്രാര്‍ത്ഥനയ്ക്കിടെയാണ് ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായതെന്നും മൂന്നിടത്ത് പൊട്ടിത്തെറി ഉണ്ടായിയെന്നും ദൃക്സാക്ഷികള്‍ പറയുന്നു. 2000 ത്തോളം ആളുകള്‍ ഹാളിലുണ്ടായിരുന്നു. കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഐ.ഇ.ഡി വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.

എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കളമശ്ശേരിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം നല്‍കി. സംസ്ഥാനത്ത് ഒട്ടാകെ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് കളമശ്ശേരിലെത്തിയിട്ടുണ്ട്. കളമശേരി സ്‌ഫോടനത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. എറണാകുളത്ത് നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്തിയിട്ടുണ്ട്. ഭീകരാക്രമണമാണോ എന്ന ചോദ്യത്തോട് വിവരങ്ങൾ കിട്ടട്ടെയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.