സെൻറ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികം സമാപനസമ്മേളനം

മെൽബൺ :

മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30  നു  സ്പ്രിങ്‌വെയിൽ ടൌൺ ഹാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കോട്ടയം അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവ്വമായ പാട്ടുകുർബാനയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു, മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്‌ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ: പ്രിൻസ് തൈപുരയിടത്തിൽ, ക്യാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ: ഡാലിഷ് കൊച്ചേരിൽ തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു.

 

സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സെന്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവർഷക്കാലത്തെ വളർച്ചയുടെ പടവുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും, പത്താം വാർഷികത്തിനോടനുബന്ധിച്ചു, കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ സ്ളാഹനീയവുമാണെന്നു, അഭിവന്ദ്യ പിതാവ് ഉദ്ഘാടനപ്രസംഗത്തിൽ അറിയിച്ചു.

കോട്ടയം പാർലമെന്റ് അംഗം, ശ്രീ തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. മെൽബണിൽ എത്തിച്ചേരുവാനും ഇത്രയും വലിയ പത്താം വാർഷിക ആഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്നും ഇതിന്റെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്നും ശ്രീ തോമസ് ചാഴികാടൻ അറിയിച്ചു.

മെൽബൺ സെൻറ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ സ്നേഹ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. മെൽബണിലെ ക്നാനായ സമൂഹത്തിന് തുടർന്നും എല്ലാവിധ സ്നേഹവും സഹായ സഹകരണങ്ങളും ഉണ്ടാകുമെന്നും ഇത്രയധികം മനോഹരമായി ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ട് പത്താംവാർഷികം അവിസ്മരണീയമാക്കിയ സംഘാടകരെയെല്ലാം അഭിനന്ദിക്കുന്നുവെന്നും അനുഗ്രഹ പ്രഭാഷണത്തിൽ, മെൽബൺ സെൻറ് തോമസ് സീറോ മലബാർ സഭാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അറിയിച്ചു.

പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു, മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്‌ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ: പ്രിൻസ് തൈപുരയിടത്തിൽ ആമുഖ സന്ദേശവും, കെ.സി.വൈ.എൽ കോട്ടയം അതിരുപതാ പ്രസിഡൻറ് ശ്രീ ലിബിൻ ജോസ് പാറയിൽ, ക്യാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ: ഡാലിഷ് കൊച്ചേരിൽ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു.

സമാപന സമ്മേളനമധ്യേ, ഈ ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ ആദരിക്കുകയും, ഇടവകാംഗങ്ങൾ, പ്രർത്തനാനിർഭരരായി എഴുതിപൂർത്തീകരിച്ച, ബൈബിൾ കയ്യെഴുത്തുപ്രതിയുടെ പ്രകാശനവും അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ നിർവഹിച്ചു. പത്താം വാർഷികാഘോഷങ്ങളുടെ ഓർമ്മകൾ അയവിറക്കുന്ന സ്മരണിക, സുവനീർ മാർ ജോസഫ് പണ്ടാരശ്ശേരിൽ, കോട്ടയം പാർലമെൻറ് അംഗം ശ്രീ തോമസ് ചാഴികാടന് നൽകി പ്രകാശനം ചെയ്തു.

പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ ഏവർക്കും സ്വാഗതം ആശംസിക്കുകയും, കൈക്കാരൻ നിഷാദ് പുലിയന്നൂർ സമ്മേളനത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു. പാരിഷ് സെക്രട്ടറി ബിനീഷ് മൂഴിച്ചാലിൽ, ആക്ടിങ് സെക്രട്ടറി ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ, കൈക്കാരൻ സ്റ്റീഫൻ തെക്കേകവുന്നുംപാറയിൽ, മുൻ കൈക്കാരൻ ആശിഷ് സിറിയക് വയലിൽ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.

തുടർന്ന്, ലാൻസ്‌മോൻ വരിക്കാശ്ശേരിൽ, ജോർജ് പവ്വത്തേൽ എന്നിവർ കോർഡിനേറ്റർമാരായിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, വർണ്ണാഭമായ കലാസന്ധ്യയും അണിയിച്ചൊരുക്കിയിരുന്നു. ഇടവകയിലെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അണിനിരന്ന കലാസന്ധ്യ ഏവരേയും ആനന്ദത്തിൽ ആറാടിച്ചു. ആഘോഷങ്ങളോടനുബന്ധിച്ചു ഒരുക്കിയ നാടൻ ഭക്ഷണശാല ഏറെ പ്രശംസപിടിച്ചുപറ്റി.

പത്താം വാർഷികം കോർ കമ്മിറ്റിയുടേയും, പാരിഷ് കൗൺസിൽ അംഗങ്ങളുടേയും, വിവിധ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പത്താം വാർഷികാഘോഷ സമാപന പരിപാടികൾ അത്യുജ്വലമായി നടപ്പിലാക്കിയത്. മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക ആക്റ്റിങ് സെക്രട്ടറിയും സമാപന സമ്മേളനം പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്ററുമായിരുന്ന ഫിലിപ്സ് എബ്രഹാം കുരീക്കോട്ടിൽ പരിപാടികൾക്ക് ഔദ്യോഗികമായ നന്ദിയറിയിച്ചു.