ഇന്ത്യയുടെ സൗരദൗത്യത്തിന് തുടക്കം; ആദിത്യ എൽ1 വിക്ഷേപിച്ചു.

ഇന്ത്യയുടെ സൗരദൗത്യത്തിന് തുടക്കം; ആദിത്യ എൽ1 വിക്ഷേപിച്ചു.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എൽ-1ന്റെ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം നമ്പർ ലോഞ്ചിൽ നിന്നും രാവിലെ 11.50-നായിരുന്നു വിക്ഷേപണം. സൂര്യനെ കുറിച്ച് പഠിക്കാനായി ഇന്ത്യയുടെ ആദ്യ സൗരദൗത്യമാണ് ഇത്. പിഎസ്എൽവി – എക്സ്എൽസി-57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിലെത്തിച്ചതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു.‌ വിക്ഷേപിച്ച് 64 മിനിറ്റിനു ശേഷം 648.7 കിലോമീറ്റർ ദൂരത്തുവച്ചാണ് ആദിത്യ വേർപെട്ടത്. ഇനി 125 ദിവസത്തിനിടെ 4 തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്ഥാനമായ ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിൽ എത്തുക. സൂര്യനെക്കുറിച്ച് പഠിക്കാനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ-1ൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌.

ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം.

ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിന്റിൽ പേടകത്തെ എത്തിക്കും. സൗര അന്തരീക്ഷത്തിന്റെ മുകൾഭാഗത്തെ ചൂടും അതുവഴിയുള്ള വികിരണം മൂലം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലുമുണ്ടാകുന്ന മാറ്റവും 5 വർഷത്തോളം പഠിക്കും. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.