രണ്ട് പുരസ്കാരങ്ങളുമായി ഓസ്കറിൽ ഇന്ത്യയ്ക്ക് പുതു ചരിത്രം.

രണ്ട് പുരസ്കാരങ്ങളുമായി ഓസ്കറിൽ ഇന്ത്യയ്ക്ക് പുതു ചരിത്രം.

ലൊസാഞ്ചലസ്: ഓസ്കറിൽ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമാണ് ‘ദ് എലിഫന്റ് വിസ്പറേഴ്സ്’, ഗുനീത് മോങ്ക ചിത്രം നിർമിച്ചിരിക്കുന്നു. തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമായ ഡോക്യുമെന്ററിയാണിത്. രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ചിത്രം പറയുന്നത്. ഭൂമിയിൽ ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് എലിഫന്റ് വിസ്‌പേർസ്.

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ​ഗാനം നിറഞ്ഞു നിന്നിരുന്നു. നാട്ടു നാട്ടു രചിച്ചത് ചന്ദ്ര ബോസ് ആണ്. വിഖ്യാത സംഗീത സംവിധായകൻ എം.എം. കീരവാണിയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള ഗാനം ചിട്ടപ്പെടുത്തിയത്. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ച് എന്നിവരാണ് മുഖ്യ ഗായകർ. സൂപ്പർതാരങ്ങളായ രാം ചരൺ തേജയും ജൂനിയർ എൻ. ടി ആറുമാണ് ഗാനരംഗത്തിൽ അഭിനയിച്ചത്.

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും ഓസ്കാറും എആർ റഹ്‌മാൻ ആദ്യമായി ഇന്ത്യയിൽ എത്തിച്ച് പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ചരിത്രം ആവർത്തിക്കപ്പെടുന്നത്.

മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം: ദ് വെയ്ൽ. മികച്ച നടി മിഷേൽ യോ. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യൻ വനിതയാണ് മിഷേൽ യോ. മികച്ച ചിത്രമായി എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് തിരഞ്ഞെടുക്കപ്പെട്ടു. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡ‌ക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു.