പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ സൈനിക മേധാവി.

ശ്രീനഗർ: കേന്ദ്ര സർക്കാർ ഉത്തരവിട്ടാൽ പാക് അധീന കശ്മീർ തിരിച്ചുപിടിക്കാൻ തയ്യാറാണെന്ന് സൈന്യം. ഈ വിഷയത്തിൽ സമ്പൂർണ സജ്ജീകരണങ്ങളോടെ മുന്നോട്ട് പോകാൻ തയ്യാറാണെന്ന് നോർത്തേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി. സർക്കാരിന്റെ എല്ലാ ഉത്തരവുകളും നടപ്പിലാക്കാൻ ഇന്ത്യൻ സൈന്യം പൂർണ സജ്ജമാണ്. എപ്പോൾ സർക്കാർ ഉത്തരവിട്ടാലും സൈന്യം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും പ്രസ്താവന നടത്തിയിരുന്നു. ശ്രീനഗറില്‍ കരസേനയുടെ 76ാം ‘ശൗര്യദിവസ്’ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുമെന്ന പ്രസ്താവന നടത്തിയത്.

ജമ്മു കശ്മീരിൽ ഭീകരവാദം തടയാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും ദ്വിവേദി പറഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. സംസ്ഥാനത്ത് തീവ്രവാദം തടയാൻ കഴിഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ലോഞ്ച്പാഡുകളിൽ ഇപ്പോഴും 160 ഓളം ഭീകരർ ഉണ്ട്. എന്നാൽ അവരുടെ പദ്ധതികൾ വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും പാക്കിസ്ഥാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ആ രാജ്യം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗിൽ‌ജിത് -ബാള്‍ട്ടിസ്താന്‍ ചെറുചരിത്രം.