പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു.

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ ഇ-തെഹ്‌രീക് ഇൻസാഫ് പാർട്ടി ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന് വെടിയേറ്റു. റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. കാൽപ്പാദത്തിനായിരുന്നു ഇമ്രാന് വെടിയേറ്റത്. യന്ത്രത്തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. വസീറാബാദിലെ സഫർ അലിഖാൻ ചൗക്കിൽ വച്ചായിരുന്നു ആക്രമണം. അക്രമിയെ സംഭവ സ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് അനുയായികളോടൊപ്പം ലഹോറിൽനിന്ന് ഇമ്രാൻ ആരംഭിച്ച മാർച്ച് ഒരാഴ്ച തികയും മുൻപാണ് ആക്രമണമുണ്ടായത്. ഈ വർഷം ഏപ്രിലിൽ അവിശ്വാസ വോട്ടെടുപ്പിലൂടെ ഇമ്രാനെ പുറത്താക്കിയിരുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും യുഎസും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പുറത്താക്കിയതെന്നണ് ഇമ്രാന്റെ ആരോപണം.

അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്. ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ചിലെ ജന പങ്കാളിത്തം കണ്ട് ഭയന്നവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇങ്ങിനെ തോൽപ്പിക്കാനാവില്ലെന്നുമായിരുന്നു തെഹ്രീകെ ഇൻസാഫ് പാർട്ടിയുടെ പ്രതികരണം. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് രാജ്യത്ത് സുരക്ഷ ശക്തമാക്കി. 2007 -ൽ ഇതു പോലെ ഒരു റാലിക്കിടെയായിരുന്നു മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്

ഇമ്രാൻ ഖാനെതിരെയുണ്ടായ ആക്രമണത്തിനു പിന്നാലെ, പാക്കിസ്ഥാനിലെ സംഭവ വികാസങ്ങൾ ‘സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്’ എന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. പാക്കിസ്ഥാനിൽ സംഭവവികാസങ്ങൾ നടക്കുന്നതായി അറിയാൻ കഴിഞ്ഞെന്നും ഇന്ത്യ വിഷയത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.