ജപ്പാൻ സമുദ്രമേഖലകളിൽ റഷ്യയുടെയും ചൈനയുടെയും പടക്കപ്പലുകൾ.

ജപ്പാൻ സമുദ്രമേഖലകളിൽ റഷ്യയുടെയും ചൈനയുടെയും പടക്കപ്പലുകൾ.

ടോക്കിയോ: ചൈനയും റഷ്യയും ജപ്പാൻ സമുദ്രമേഖലയിൽ കടന്നുകയറാൻ ശ്രമിക്കുന്നതായി ആരോപണം. ചൊവ്വാഴ്ച രണ്ട് ചൈനീസ് തീരസംരക്ഷണ കപ്പലുകൾ സെൻകാക്കസിനടുത്ത് ജപ്പാന്റെ സമുദ്രാതിർത്തിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസവും ചൈന അവകാശപ്പെടുന്ന ദ്വീപുകൾക്ക് സമീപം ചൈനീസ് നാവികസേനയുടെ കപ്പൽ കണ്ടിരുന്നു. ചൈനയുടെ ഈ നീക്കത്തിനെതിരെ പ്രതിഷേധം അറിയിച്ചതായി ജപ്പാൻ വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി പറഞ്ഞു. നുഴഞ്ഞുകയറ്റത്തെ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് വിളിച്ച അദ്ദേഹം, ചൈനയുടെ നടപടികളെ “ശാന്തമായും ദൃഢമായും” കൈകാര്യം ചെയ്യുമെന്ന് അറിയിച്ചു.

റഷ്യയുടെ മൂന്ന് പടക്കപ്പലുകൾ ജപ്പാന്റെ സമുദ്രമേഖലയിൽ അനധികൃതമായി കടന്നുകയറിയെന്ന് ടോക്കിയോ ഭരണകൂടം അറിയിച്ചു. ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപ് സമൂഹത്തിൽപ്പെട്ട യോനാഗുനി, ഇരിയോമോട്ടേ ദ്വീപുകളിലാണ് റഷ്യയുടെ കപ്പലുകൾ പ്രവേശിച്ചത്. കഴിഞ്ഞ മാസം അഞ്ച് റഷ്യൻ പടക്കപ്പലുകൾ ജപ്പാനെ വലംവെച്ച് പ്രകോപനം സൃഷ്ടിച്ചതിന് പി്ന്നാലെയാണ് പുതിയ സംഭവ വികാസം. ജപ്പാന്റെ നിയന്ത്രണത്തിലുള്ള ദ്വീപുകൾക്ക് സമീപം എന്ത് അടിയന്തിര സാഹചര്യമാണുളളതൈന്നും അന്താരാഷ്‌ട്ര അതിർത്തി കടന്നത് നിയമലംഘനമാണെന്നും ജപ്പാൻ കുറ്റപ്പെടുത്തി. റഷ്യയുടെ കപ്പലുകൾ ആദ്യം തായ് വാൻ മേഖലകളിലും പിന്നീട് കിഴക്കൻ ചൈന കടലിലൂടെ ജപ്പാനിലേയ്‌ക്ക് എത്തിയെന്നുമാണ് ജപ്പാൻ പ്രതിരോധ വകുപ്പ് അറിയിച്ചത്.