സെൻസസ് 2021: 40 ശതമാനം ഓസീസുകാരും മതമില്ലാത്തവർ.

സെൻസസ് 2021: 40 ശതമാനം ഓസീസുകാരും മതമില്ലാത്തവർ.

കാൻബറ: 2021-ലെ സെൻസസ് പ്രകാരം 40 ശതമാനം ഓസ്‌ട്രേലിയക്കാരും മതമില്ലാത്തവർ. ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം പേർക്കും “മതമില്ല” എന്ന് റിപ്പോർട്ട് ചെയ്തതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എബിഎസ്) പറയുന്നു. 2016-ൽ ഇത് 30 ശതമാനവും 2011-ൽ 22 ശതമാനവും ആയിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഓസ്‌ട്രേലിയക്കാർ മതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിയതായി ഓസ്‌ട്രേലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ ഡോ ഡേവിഡ് ഗ്രുൻ എ ഒ പറഞ്ഞു. സെൻസസിൽ പങ്കെടുത്ത 93 ശതമാനം ആളുകളും ആ ചോദ്യത്തിന് ഉത്തരം നൽകി.

സെൻസസ് പ്രകാരം ക്രിസ്തുമത വിഭാഗക്കാർ തന്നെയാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു ഇടിവ് സംഭവിച്ചു എങ്കിലും ജനസംഖ്യയുടെ 43.9 ശതമാനം ആളുകൾ ക്രിസ്തുമത വിശ്വാസികൾ ആണ്. 2016-ൽ അത് 50 ശതമാനവും, 2011-ൽ 60 ശതമാനവും ആയിരുന്നു. നിലവിൽ ക്രിസ്തുമത വിശ്വാസികളിൽ 20% പേര് കത്തോലിക്കരും, 9.8% ആളുകൾ ആംഗ്ലീക്കൻ സഭ വിശ്വാസികളും ആണ്.

ഹിന്ദുമതം 55.3 ശതമാനം വർധിച്ച് 684,002 ആളുകളായി, ജനസംഖ്യയുടെ 2.7 ശതമാനം ആണ് ഹിന്ദുമതം. ഇസ്‌ലാം മത വിശ്വാസികൾ 813,392 ആളുകളായി വളർന്നു, ഇത് ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 3.2 ശതമാനമാണ്.

പുതിയ സെൻസസ് പ്രകാരം ഓസ്‌ട്രേലിയൻ ജനസംഖ്യയിൽ ഇന്ത്യയിൽ ജനിച്ചവർ ആണ് മൂന്നാം സ്ഥാനത്ത്. ചൈനയെയും ന്യൂസിലൻഡിനെയും പിന്തള്ളി ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നിൽ മൂന്നാമത്തെ വലിയ ജന്മ രാജ്യമായി ഇന്ത്യ മാറി.

ഓസ്‌ട്രേലിയന്‍ മലയാളികളുടെ എണ്ണം 78,000 ആയി ഉയർന്നു. മലയാളികളുടെ എണ്ണത്തില്‍ 50 ശതമാനത്തോളം വര്‍ദ്ധനവാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്. 2016-ലെ സെന്‍സസ് പ്രകാരം 53,206 പേരായിരുന്നു ഉണ്ടായിരുന്നത്. ഇതിലാണ് 25,532 പേരുടെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ ഹിന്ദിയെ മറികടന്ന് പഞ്ചാബി ഏറെ മുന്നിലെത്തി. 2,39,033 പേരാണ് പഞ്ചാബി പ്രധാന ഭാഷയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി സംസാരിക്കുന്ന 1,97,132 പേരാണ് ഉള്ളത്.

അഞ്ചു വർഷം കൂടുമ്പോൾ ആണ് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എബിഎസ്) സെൻസസ് നടത്തുന്നത്. 2021-ലെ സെൻസസ് പ്രകാരം ഓസ്‌ട്രേലിയയിൽ ഏകദേശം 25.5 ദശലക്ഷം ആളുകൾ ആണ് ഉള്ളത്, 2016-ലെ സെൻസസിനെ അപേക്ഷിച്ചു രണ്ട് ദശലക്ഷത്തിലധികം ആളുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. 2017 മുതൽ 2021 വരെ 1 ദശലക്ഷം ആളുകൾ ആണ് ഓസ്‌ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്തത്.