ജംപിങ് കാസിൽ അപകടത്തിൽ പരുക്കേറ്റ ഒരു കുട്ടി കൂടി മരിച്ചു.

ഡെവോൺപോർട്ട്: ടാസ്മാനിയയിലെ ഡെവോൺപോർട്ടിലെ  ഒരു പ്രൈമറി സ്‌കൂളിൽ ഉണ്ടായ ജംപിങ് കാസിൽ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ഒരു കുട്ടി ഇന്നു മരിച്ചു. ടാസ്മാനിയൻ പോലീസ് കമ്മീഷണർ ഡാരൻ ഹൈനാണ്, 11 വയസ്സുള്ള ഒരു കൂട്ടി കൂടി ഈ അപകത്തിൽ മരിച്ചതായി ഇന്ന് അറിയിച്ചത്. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം 6 ആയി.

റോയൽ ഹോബാർട്ട് ആശുപത്രിയിൽ തുടരുന്ന രണ്ട് കുട്ടികളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സ്‌കൂളിൽ അദ്ധ്യയന വർഷം അവസാനിച്ചതിന്റെ ഭാഗമായി നടന്ന ആഘോഷ പരിപാടിക്കിടെയാണ് അപകടമുണ്ടായത്. ഡ്രാഗൺ രൂപത്തിലുള്ള ജമ്പിങ് കാസിലിൽ കുട്ടികൾ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തിയായ കാറ്റുവീശിയത്. ഇതോടെ ഏകദേശം പത്ത് മീറ്ററോളം ഉയരത്തിൽ ജമ്പിങ് കാസിൽ പറന്നുയർന്നു. തലകീഴായി പറന്ന കാസിലിൽ നിന്നും കുട്ടികൾ പലരും താഴേക്ക് പതിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.അപകട സ്ഥലത്ത് ആയിരകണക്കിനാളുകളാണ് ദിവസവും ആദരാഞ്ജലികൾ അർപ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്.