ബ്രിട്ടനിൽ കോവിഡ് കേസുകളിൽ റെക്കോർഡ് വർധന; വെള്ളിയാഴ്ച 93,045 പുതിയ കേസുകൾ.

ബ്രിട്ടൺ: കൊറോണ വ്യാപനത്തിന് അയവില്ലാതെ യുണൈറ്റഡ് കിങ്ഡം (UK). വെള്ളിയാഴ്ച മാത്രം 93,045 പുതിയ കൊറോണ കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. 111 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 147,000 ആയി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിക്കിടെ ബ്രിട്ടനിൽ തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നതു. പ്രതിദിനം അയ്യായിരത്തോളം ഒമിക്രോൺ കേസുകളും യുകെയിൽ ഉണ്ടാകുന്നുണ്ട്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനശേഷിയെയും തീവ്രതയെയും കുറിച്ച് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയതിനെ സാധൂകരിക്കുന്ന തരത്തിലാണ് കൊറോണ നിരക്കുകൾ പുറത്തുവരുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്ക് ശേഷം ഒമിക്രോൺ അതിഭീകരമായി പടർന്നുപിടിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ബ്രിട്ടൺ. താരതമ്യേന കൊറോണ മരണ നിരക്ക് കുറവാണെങ്കിലും രോഗികൾ കൂടുന്നതിനാൽ ആശുപത്രി കിടക്കകൾ നിറയുന്ന സാഹചര്യമാണ് സംജാതമാകുന്നത്. ഈ വർഷാവസാനത്തിന് മുൻപു കഴിയുന്നത്ര ആളുകൾക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനായി ബ്രിട്ടൻ ബൂസ്റ്റർ ഡ്രൈവ് ആരംഭിച്ചിരുന്നു. ഇതിലൂടെ യൂറോപ്പിൽ ഏറ്റവും വേഗത്തിലുള്ള വാക്‌സിനേഷനൊപ്പം ഒമിക്രോണിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുകയുമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ ബോറിസ് ജോൺസൺ സമ്മർദത്തിലാണ്.