കേരളത്തിൽ ശനിയാഴ്ച്ച 17,328 പേര്‍ക്ക് കോവിഡ്, 209 മരണം, ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെ 17,328 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ശനിയാഴ്ച്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി.

തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,40,642 പേര്‍ ഇതുവരെ കൊറോണയിൽ നിന്നും മുക്തി നേടി.

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 -നകം ആദ്യ ഡോസ് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എല്ലാ വകുപ്പുകളും കൈകോര്‍ത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വടകര സ്വദേശി നാസർ (56 ) ആണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച പാലക്കാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചിരുന്നു. രോഗബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവർ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 49 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് വിവരം.