പാക് അധിനിവേശ കശ്മീരിൽ 20,000-ത്തോളം സൈനികരെ വിന്യസിച്ചു പാക്കിസ്ഥാൻ

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വന്‍ സേന വിന്യാസവുമായി പാക്കിസ്ഥാൻ. പാക് അധിനിവേശ കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ ആണ് സേനാവിന്യാസം. നിയന്ത്രണ രേഖയ്ക്ക് സമീപം 20,000-ത്തോളം സൈനികരെ വിന്യസിച്ചതായാണ് വിവരം. സമീപകാലത്ത് നിയന്ത്രണരേഖയില്‍ പാക്കിസ്ഥാൻ ഇത്രയധികം സേനവിന്യാസം നടത്തിയിട്ടില്ല. ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയുടെ കൂടി പിന്തുണയോടെയാണ് പാക്കിസ്ഥാൻ്റെ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാൻ്റെ കൂടി പിന്തുണയോടെ ഇന്ത്യയ്‌ക്കെതിരെ നീങ്ങാനാണ് ചൈനയുടെ ശ്രമം എന്നാണ് സൂചന. ലഡാക്കിലെ വിവിധ മേഖലകളില്‍ ചൈനയ്ക്ക് വ്യോമമാര്‍ഗം ആക്രമണം നടത്തുന്നതിന് പരിമിതികളുണ്ട്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ചൈനയ്ക്ക് ഇന്ത്യയ്‌ക്കെതിരെ നേരിട്ടൊരു നീക്കം സാധ്യമല്ല. എന്നാല്‍ പാക്കിസ്ഥാന്റെ വ്യോമതാവളങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചൈനയ്ക്ക് ലഡാക്കിൻ്റെ വിവിധ മേഖലകളില്‍ ആക്രമണം നടത്താന്‍ എളുപ്പത്തില്‍ സാധ്യമാകും. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. അതുകൊണ്ടു തന്നെ ചൈനയാണ്, പാക്കിസ്ഥാൻ്റെ നീക്കത്തിന് പിന്നിലെന്നാണ് സേനയുടെ വിലയിരുത്തല്‍.

പാക് അധീന കശ്മീരിലെ വ്യോമതാവളത്തില്‍ ചൈനീസ് പോര്‍വിമാനം എത്തിയതായി റിപ്പോര്‍ട്ട്