പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങളിൽ അസ്വാഭാവിക നീക്കങ്ങൾ; നിയന്ത്രണ രേഖയില്‍ ആകാശ് മിസൈലുകള്‍ വിന്യസിച്ചു.

ന്യൂഡല്‍ഹി: പാക് അധീന കശ്മീലെ ചൈനീസ് സാന്നിധ്യത്തിൽ ജാഗ്രത പുലർത്തി ഇന്ത്യ. പാക് അധീന കശ്മീരിലെ വ്യോമതാവളങ്ങളിൽ അസ്വാഭാവികമായുള്ള നീക്കങ്ങൾ നടക്കുന്നതായ റിപ്പോർട്ടിനെ തുടർന്നാണ് ജാഗ്രത വർദ്ധിപ്പിച്ചത്. ലഡാക്കിന് നൂറു കിലോമീറ്റർ മാത്രം അകലെയുള്ള സ്കർദു വ്യോമതാവളത്തിൽ ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്.

വിദേശരാജ്യങ്ങള്‍ക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കാന്‍ പാക്കിസ്ഥാൻ മുമ്പും അനുവാദം നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനെതിരായ പോരാട്ടത്തിന് പാക് സൈനിക കേന്ദ്രങ്ങള്‍ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം പരിഗണിച്ച് സ്‌കര്‍ദു ചൈനയ്ക്ക് കൈമാറുമോയെന്നാണ് ഇന്ത്യയുടെ ആശങ്ക. അങ്ങനെ ഉണ്ടായാൽ ഇന്ത്യയ്ക്ക് സ്വയം സുരക്ഷയുടെ ഭാഗമായി ആദ്യം അവിടെ ആക്രമണം നടത്തേണ്ടി വരും. ഇന്ത്യയുടെ ഭാഗമായി കരുതുന്ന പ്രദേശത്ത് നിന്ന് ആക്രമണത്തിന് ചൈനയെ അനുവദിക്കാനാണ് ഉദ്ദേശ്യമെങ്കിൽ പി.ഓ.കെ പിടിച്ചെടുക്കാനാകും ഇന്ത്യ ശ്രമിക്കുക.

ടിബറ്റിൽ ചൈനയ്ക്ക് നിരവധി വ്യോമ താവളങ്ങൾ ഉണ്ടെങ്കിലും മിക്കവാറും എല്ലാം നാലായിരം അടി മുകളിലാണ്. അവിടങ്ങളിൽ നിന്ന് എല്ലാ ആയുധങ്ങളും ഘടിപ്പിച്ച് പറന്നുയരാൻ സാങ്കേതികമായ ബുദ്ധിമുട്ട് ചൈനയുടെ പോർ വിമാനങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് എല്ലാ വ്യോമ താവളങ്ങളും പഞ്ചാബിലെയും ഹരിയാനയിലേയും സമതല നിരപ്പിലുള്ള പ്രദേശങ്ങളിലാണ്. ഇത് ഇന്ത്യക്ക് വ്യോമമേഖലയിൽ മേൽക്കൈ നൽകുന്നുണ്ട്.

അതേസമയം പാങ്ങോങ് തടാകത്തിന് സമീപത്ത് ചൈന എയര്‍ബേസ് വികസിപ്പിക്കുന്നുണ്ടെന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു. ഏതു പ്രതിസന്ധിയെയും നേരിടാൻ തക്കവണ്ണമുള്ള സംവിധാനങ്ങൾ ഒരുക്കി ശക്തമായ പ്രതിരോധം തീർത്ത് ഇന്ത്യൻ കരസേന, ഐടിബിപി സേനാംഗങ്ങളും അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം ആകാശ് മിസൈലുകള്‍ വിന്യസിച്ചു. ധാരണകള്‍ ലംഘിച്ച് ഗാല്‍വന്‍ താഴ്‌വരയിലും, പാംഗ്‌ഗോംഗ് പ്രദേശത്തും ചൈന സൈനിക വിന്യാസം നടത്തുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ ആകാശ് മിസൈലുകള്‍ വിന്യസിച്ചത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് നേരത്തെ ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ സുഖോയ് പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിസൈലുകള്‍ വിന്യസിച്ചത്. സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ചാണ് നിലവില്‍ അതിര്‍ത്തിയില്‍ സൈന്യം ആകാശ നിരീക്ഷണം നടത്തുന്നത്.

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ സംയുക്ത സേനാഭ്യാസം; ചൈനയ്ക്ക് മുന്നറിയിപ്പ്.