മോദിയുടെ മോടി കുറയുന്നു.

അധികാരത്തില്‍ ഏറി മൂന്നര വര്ഷം പിന്നിടുമ്പോള്‍ നരേന്ദ്ര മോദി ബ്രാന്ഡും,  ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യവും പരാജയമായി മാറികൊണ്ടിരിക്കുന്നു. രാജ്യത്തെ വളരച്ചാനിരക്ക് 6.7 ശതമാനമായി കുറയുമെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെളിപെടുത്തലും, ശുചിത്വഭാരതം, നമാമി ഗംഗേ, ഡിജിറ്റല്‍ ഇന്ത്യ,നോട്ട് നിരോധനം , നോട്ട് രഹിത ഇന്ത്യ തുടങ്ങി അനേകം പദ്ധതികള്‍ വെറും പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിയതും, രാജ്യത്തിന്‍റെ  സാമ്പത്തിക വളര്ച്ചക്ക് ഉതകുന്ന  നിക്ഷേപങ്ങള്‍  ആകര്ഷിക്കാനോ ഉത്പാദന വര്‍ധനക്ക് സഹായകമാകുന്ന തരത്തില്‍ നയങ്ങള്‍ ആവിഷ്‌കരിക്കാനോ കഴിയാത്തതും മോദിയുടെ മോടി കുറച്ചിരിക്കുന്നു.ഇപ്പോള്‍  മോദി തന്നെ തുറന്ന് പറഞ്ഞിരിക്കുന്നു,രാജ്യത്ത്  സാമ്പത്തിക തളര്ച്ച ഉണ്ടെന്ന്. ജി.എസ്.ടി നടപ്പാക്കിയതിലെ അപാകതകളും , ഇന്ധനവില വർദ്ധനവും ജനഹിതം എതിരാക്കി തുടങ്ങിയിട്ടുണ്ട്  അതോടൊപ്പം മോദിയുടെ പ്രഭാവത്തില്‍ ജനങ്ങള്‍ നിരാകരിച്ച രാഹുൽ ഗാന്ധി പതുക്കെ കരുത്താർജ്ജിക്കുന്നു. മോദിയുടെ തുടര്‍ ഭരണം  പ്രവചിച്ചവര്‍ പലരും ഇപ്പോള്‍ ഉറപിക്കുന്നില്ല.

നോട്ട് പിന്‍വലിച്ചതോടെ സൃഷ്ടിക്കപ്പെട്ട സ്തംഭനാവസ്ഥ രാജ്യത്ത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൃഷി, ചെറുകിട – ഇടത്തരം വ്യവസായങ്ങള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ രംഗങ്ങളില്‍ ഇപ്പോഴും മാന്ദ്യം തുടരുകയാണ്. ഉത്പാദനത്തിലുണ്ടായിരിക്കുന്ന  ഇടിവ് കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു, തൊഴിലില്ലായ്മ വർധിക്കുന്നു. ഐടി മേഖലയിൽ നിന്നും അശുഭകരമായ വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പെട്ടെന്ന് നടപ്പാക്കിയ നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും ഉലയാതെ പിടിച്ചു നിന്ന ഇന്ത്യന്‍ ഇക്കണോമിയെ   ഉലച്ചത്. തെറ്റായ സാമ്പത്തിക നടപടികളിലൂടെ വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധി രാഷ്ട്രീയമായി മോദിക്കും ബിജെപിക്കും  വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.വരാന്‍ പോകുന്ന നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ ഇത് പ്രതിഫലിക്കും എന്നാണ് പുറത്തിറങ്ങിയ പല സര്‍വേകളും സൂചിപ്പിക്കുന്നത്.പ്രത്യേകിച്ച് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്ത് പോലും ബി.ജെ.പിയെ കൈവിടും എന്നാണ് സൂചന.

മോദി പ്രഭാവം മങ്ങി തുടങ്ങി എന്ന് മനസിലായതോടെ ബി.ജെ.പിയിലെ അസംതൃപ്തര്‍ മോദിക്കെതിരെ ശബ്ദിച്ചുതുടങ്ങി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ധമനന്ത്രി അരുൺ ജെയ്റ്റ്ലിക്കുമെതിരെ രൂക്ഷമായി പ്രതീകരിച്ചു ബിജെപി നേതാവും രംഗത്തെത്തി ഇന്ത്യയുടെ മുൻ ധനകാര്യമന്ത്രിയുമായിരുന്ന  യശ്വന്ത് സിൻഹ സിൻഹ ആദ്യ വെടി പൊട്ടിച്ചു. യശ്വന്ത് സിന്‍ഹയുടെ അഭിപ്രായം ശരിവെച്ച് ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്ത് വന്നു.  ബി.ജെ.പിയും നരേന്ദ്രമോദിയും പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നുമാണ് എന്ന രൂക്ഷ വിമര്‍ശനവുമായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും കളത്തിലിറങ്ങി.മാത്രമല്ല കേന്ദ്ര, സംസ്​ഥാന സർക്കാറുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയും.പ്രതിപക്ഷത്തേയും പാളയത്തിനുള്ളിലെ പടപുറപ്പാടിനെയും ഒരുമിച്ചു നേരിടേണ്ട അവസ്ഥയാണ്‌ ഇപ്പോള്‍.കഴിഞ്ഞ മുന്നര വര്‍ഷമായി മോദി-അമിത്ഷാ അച്ചുതണ്ടായിരുന്നു കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചത്.തുടര്‍ച്ചയായ തിരെഞ്ഞുടെപ്പ് വിജയങ്ങള്‍ ഇവരെ കൂടുതല്‍ ശകതരാക്കി.എന്നാല്‍ ഇനി അങ്ങോട്ട്‌ കാര്യങ്ങള്‍ സുഗമമായിരിക്കില്ല.

മറുവശത്തു കഴിഞ്ഞ ലോക്സഭാ തിരെഞ്ഞുപ്പിലൂടെ  തകര്‍ന്നു തരിപ്പണമായ കോണ്ഗ്രസിനും  അതിജീവനത്തിന്‍റെ  രാഷ്ട്രീയം പുറത്തെടുത്ത  രാഹുല്‍ഗാന്ധിക്കും ഇത് ഉയര്‍ത്തെഴുനേല്പ്പിന്‍റെ കാലമാണ്.ഇന്ത്യയിലെ ജനങ്ങള്‍ ഒരു പരിധി വരെ എഴുതി തള്ളിയ രാഹുല്‍ ഗാന്ധി കരുത്താര്‍ജ്ജിക്കുന്നതാണ് സമീപ കാലത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്. കൊണ്ഗ്രെസ്സിന്‍റെ  നേതൃത്വം കൂടി ഏറ്റെടുത്തു കഴിയുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിക്ക് ഒരു വെല്ലുവിളിയായിത്തീരും. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ വ്യക്തമായ ദിശാമാറ്റമാണ് അമേരിക്കയില്‍  ഇന്ത്യന്‍ യുവത്വം ദര്ഷിച്ചത്.മോദി തുടങ്ങിയ ഗുജറാത്തിലെ നിന്ന് തന്നെയാണ് കോണ്‍ഗ്രസിന്‍റെയും രാഹുലിന്‍റെയും  ഉയര്‍ത്തെഴുനേല്‍പ്പ് കണ്ടു തുടങ്ങിയത് എന്നതും തികച്ചും യാദ്രിഛികം. ഒരു പരാജയപ്പെട്ട നേതാവിന്‍റെ  ജല്‍പനങ്ങളില്‍ നിന്ന് വിജയിക്കാന്‍ പ്രേയത്നിക്കുന്ന ഒരു തേരാളിയുടെ അവസ്ഥയിലേക്ക് രാഹുല്‍ഗാന്ധി ഇപ്പോള്‍ മാറി.വരും കാലങ്ങളില്‍ മോദിക്ക് പറ്റിയ എതിരാളിയായി രാഹുല്‍ മാറിയേക്കാം.

 

വാല്‍ക്കഷണം: ക്രമാതീതമായ ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോളിനും ഡീസലിനുമൊക്കെ വില വര്‍ധിപ്പിച്ചാണ് രാജ്യത്ത് പാവപെട്ടവര്‍ക്ക് ശൗചാലയങ്ങളും വീടുകളും  നിര്‍മ്മിച്ചു നല്‍കുന്നത്  എന്ന് മന്ത്രി.ഈ പാവപെട്ടവര്‍ അംബാനിയും അദാനിയും ഒക്കെയാണ് എന്ന് മാത്രം മന്ത്രി പറഞ്ഞില്ല.വീട്ടിലെ അടുപ്പ് കത്താതെ ശൗചാലയം നിര്‍മ്മിച്ചു നല്‍കിയിട്ട് എന്ത് കാര്യം എന്ന് പാവം ജനം.