അതിർത്തിയിൽ 80 ടെന്റുകളിൽ 800 ചൈനീസ് സൈനികർ: ദോക് ലാ മേഖലയിലെ ജനങ്ങളെ ഇന്ത്യൻ സേന ഒഴിപ്പിച്ചു.

ന്യൂഡൽഹി ∙ അതിർത്തിയിൽ സംഘർഷം തുടരവേ, ഇന്ത്യ–ചൈന–ഭൂട്ടാൻ എന്നിവയുമായി ചേർന്നു കിടക്കുന്ന ദോക് ലാ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാൻ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ദോക് ലായിൽ കഴിഞ്ഞ ഏഴ് ആഴ്ചയായി ഇന്ത്യ–ചൈന സൈനികർ നേർക്കുനേർ നിൽക്കുകയാണ്. ട്രൈജംങ്ഷനിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ ചൈനീസ് സൈന്യം 80 ടെന്റുകൾ നിർമിച്ചുവെന്നാണ് സൂചന. എണ്ണൂറോളം ചൈനീസ് സൈനികർ മേഖലയിൽ ഉണ്ടെന്നാണ് വിവരം. ഈ മേഖലയിൽ 30 ടെന്റുകളിലായി 350 ഇന്ത്യൻ സൈനികരെയും വിന്ന്യസിച്ചിട്ടുണ്ട്. എന്നാൽ, ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത നൽകാൻ ഔദ്യോഗിക കേന്ദ്രങ്ങൾ തയാറായില്ല. ഇന്ത്യന്‍ സൈന്യം ആയുധങ്ങൾ ചൈനീസ് അതിർത്തിയിലേക്ക് മാറ്റിയിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും ഇന്ത്യ സൈനികർക്ക് മുന്നറിയിപ്പ് സന്ദേശം നൽകിയിട്ടുണ്ട്. 33 കോർപ്സ് യൂണിറ്റിനാണ് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചത്.

സംഘർഷം നിലനിൽക്കുന്ന ദോക് ‍ലയിൽ നിന്നും 35 കിലോമീറ്റർ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകൾ ഒഴിയാൻ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനാളുകൾ ഇതേതുടർന്ന് മറ്റുകേന്ദ്രങ്ങളിലേക്ക് മാറി. 33 കോർപ്പിലെ സൈനികർ സുഖ്നയിൽ നിന്നും ദോക് ലാ മേഖലയിലേക്ക് വരുന്നുവെന്നാണ് റിപ്പോർട്ടുകള്‍. ഏതെങ്കിലും രീതിയിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായാൽ ആൾനാശം കുറയ്ക്കുന്നതിനാണ് ജനങ്ങളെ മേഖലയിൽ നിന്നും മാറ്റിയത് എന്നാണ് സൂചന. മേഖലയിൽ വലിയതോതിലുള്ള സൈനിക വിന്ന്യാസം നടക്കുന്നതായി നതാങ് മേഖലയിലെ ജനങ്ങളും വെളിപ്പെടുത്തി. എന്നാൽ, ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണത്തിന് സൈന്യം തയാറായിട്ടില്ല. എല്ലാ വർഷവും സെപ്റ്റംബറിൽ നടത്താറുള്ള പരിശീലനത്തിന്‍റെ ഭാഗമാണ് നടപടിയെന്ന് ചില മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

അതിർത്തി മേഖലയിൽ റോഡ് നിർമിച്ചും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾ അവർ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു. പക്ഷെ, ഇന്ത്യയാണ് അതിർത്തി കടന്ന് അതിക്രമിച്ചു കയറിയത് എന്നാണ് ചൈനയുടെ വാദം. മേഖലയിൽ നിന്നും ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്നും ചൈന ആവശ്യപ്പെടുന്നു. 53 ഇന്ത്യൻ സൈനികർ അതിർത്തി ലംഘിച്ച് ദോക് ലായിൽ ഇപ്പോഴും തുടരുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നത്. ചൈനയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും ഇതിൽ യാതൊരു ഒത്തുതീർപ്പിനില്ലെന്നും ചൈന വ്യക്തമാക്കി. സർക്കാരിന്‍റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയുമായുള്ള യുദ്ധത്തിന് സമയം അടുത്തുവെന്നും കഴിഞ്ഞ ദിവസം ഗ്ലോബൽ ടൈംസ് മുഖപ്രസംഗത്തിൽ പറഞ്ഞിരുന്നു