വീഴ്ച പറ്റാന്‍ വേണ്ടി മാത്രം ഒരു സര്‍ക്കാരോ?

എല്‍.ഡി.എഫ് വരും; എല്ലാം ശരിയാവും എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ കയറിയ  പിണറായി ഗവണ്മെന്‍റ് ഒന്നും ശരിയാക്കുന്നില്ലെന്നു മാത്രമല്ല തൊടുന്നതെല്ലാം പിഴച്ചുപോകുന്ന പരുവത്തിലാണ്‌. എപ്പോയും വീഴ്ച പറ്റിയെന്ന് പറയുന്ന ഒരു സര്‍ക്കാരിനെയാണോ  ജനങ്ങള്‍ക്ക് ആവശ്യം. പോലീസിനു വീഴ്ച പറ്റി, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വീഴ്ച പറ്റി, റേഷനരി വിതരണത്തില്‍ വീഴ്ച പറ്റി,ബജറ്റ് അവതരണത്തില്‍ വീഴ്ച പറ്റി അങ്ങനെ വീഴ്ചകളുടെ പെരുമഴക്കാലം. ജനങ്ങള്‍ക്ക് വീഴ്ച പറ്റി എന്ന് പറയുന്നതാണ്‌ ഇതിലും ഭേദം. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് ജനങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങി.

വലിയ പ്രതീക്ഷയോടെയാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷത്തിന് വന്‍ ഭൂരിപക്ഷം നല്‍കി അധികാരത്തില്‍ കയറ്റിയത് ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം കൊണ്ടല്ല, മറിച്ച് അഴിമതിയുടെ കഥകളാല്‍ കേരളം വെറുത്ത വലതു പക്ഷത്തോടുള്ള  വെറുപ്പ് കാരണമാണ്. മാത്രമല്ല അച്ചുതാനന്ദന്‍ എന്ന ജനകീയ നേതാവിന്‍റെ നേതിര്‍ത്വത്തിലുള്ള ഒരു സര്‍ക്കാരിനെയും ആഗ്രഹിച്ചാകും. പിന്നെ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനെ പോലെ പരസ്പരം കാലുവാരി തോല്ല്പിക്കുന്ന ശീലം  ഇടതുപക്ഷത്തിന്‍ ഇല്ലാത്തതിനാല്‍ കാര്യങ്ങള്‍ എളുപ്പവുംമായി. എന്നാല്‍ ഭരണപരിചയം ഇല്ലാത്ത മന്ത്രിമാരുമായി  അധികാരത്തില്‍ കയറി അധികാരത്തിന്‍റെ തുടക്കം മുതല്‍ വീഴ്ചകള്‍ ശീലമാക്കിയ  സര്‍ക്കാരിനു ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ രണ്ടു മന്ത്രിമാരെ രാജിവയ്പ്പിക്കേണ്ടിവന്നു. മാത്രമല്ല പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രിയിലേക്കുള്ള മാറ്റത്തില്‍ പിണറായിയും പരാജയപെട്ടു.

മികച്ച ഭൂരിപക്ഷവുമായി അധികാരമേറ്റ പിണറായി  സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ തൊട്ടതെല്ലാം  പൊള്ളി  വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയാണ്. അതിന് ഏറ്റവും ഒടുക്കത്തെ ഉദാഹരണമാണ് ജിഷ്ണുവിന്‍റെ കേസും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളും  പിണറായിയുടെ പിടിവാശി സൂചി കൊണ്ടെടുക്കാവുന്നത്‌ തൂമ്പ കൊണ്ട്‌ പോലും എടുക്കാനാകാത്ത സ്ഥിതിയിലെത്തിച്ചു. ജിഷ്‌ണു കേസില്‍ പൊതുവികാരം മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട പിണറായി, ജിഷ്ണുവിന്‍റെ അമ്മയോടും കുടുംബത്തോടും കാണിച്ച അനീതിയും ധാര്‍ഷ്ട്യവും കടുത്ത പാര്‍ട്ടി അനുഭാവികളെ കൂടെ സര്‍ക്കാരിനെതിരാക്കി. ജിഷ്ണുവിന്‍റെ  ദാരുണ അന്ത്യത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാനെത്തിയ അമ്മയെ പൊലീസ് നടുറോഡില്‍ വലിച്ചിഴയ്ക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സര്‍ക്കാരിന് വലിയ കളങ്കമായി. ഇനി ഈ സമരം ഒത്തുതീര്‍പ്പായാലും ഈ സമരം വരുത്തിയ കളങ്കം നിലനില്‍ക്കും.

പിണറായി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്നതും വീഴ്ചകള്‍ സംഭവിക്കുന്നതും  മുഖ്യമന്ത്രി ഭരിക്കുന്ന അഭ്യന്തര വകുപ്പിനാണ്. പെരുമ്പാവൂരില്‍ കൊലചെയ്യപ്പെട്ട ജിഷയുടെ പേരില്‍ അധികാരത്തിലേറിയ സര്‍ക്കാരിനു തുടര്‍ന്നു പീഡന പരമ്പരകളാണ് നേരിടേണ്ടി വന്നത്. മിക്കവയുടെയും അന്വേഷണങ്ങളില്‍ പോലീസ് ഗുരുതര വീഴ്ചകളും വരുത്തി. സര്‍വത്ര വിമര്‍ശനങ്ങളാണ് പോലീസിനെതിരെ  ഉയരുന്നത്.  പോലീസ് സേനയുടെ വീഴ്ച മുഖ്യമന്ത്രി ഏറ്റുപറയുന്നതിനനുസരിച്ച് അവര്‍ വീഴ്ചകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. “വീഴ്ച പോലിസ്” ’ ഇന്നു കേരള പൊലീസിന്‍റെ പര്യായമായി മാറിയിരിക്കുന്നു.അഭ്യന്തര വകുപ്പിന് കൂട്ടായി വീഴ്ചകള്‍ എറ്റു വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പും, ഭക്ഷ്യ വകുപ്പും കൂടെയുണ്ട് എന്നതിലാണ് അവര്ക്കാശ്വാസം.

വാല്‍ക്കഷണം:. ആദ്യം ഒരു വീഴ്ച സംഭവിച്ചപ്പോള്‍ സാധാരണം എന്ന് ജനം കരുതി. ഇതിപ്പോ വീഴാനല്ലേ സമയമുള്ളൂ.  സത്യത്തില്‍ സര്‍ക്കാരിനല്ല വീഴ്ച പറ്റിയത്. വോട്ട് ചെയ്ത ജനങ്ങള്‍ക്കാണ്. കഴിഞ്ഞ സര്‍ക്കാര്‍ തെളിവില്ല എന്നതായിരുന്നു ആപ്തവാക്യം,ഇപ്പോഴത്തെ സര്‍ക്കാരിന് വീഴ്ചയും.