സംഗീത സംവിധായകന്‍ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു​

പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു. 84 വയസ് ആയിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ ഇന്നു പുലർച്ചെ 3:30നായിരുന്നു അന്ത്യം. 1936 ഓഗസ്റ്റ് 25 -ന് ഫോർട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളിൽ ഏറ്റവും ഇളയവനായാണ് അർജ്ജുനൻ ജനിക്കുന്നത്. ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങൾക്കു സംഗീതം പകർന്നു.

പള്ളിക്കുറ്റം എന്ന നാടകത്തിന് സംഗീതം പകർന്നുകൊണ്ടാണ് എം കെ അർജ്ജുനൻ മാസ്റ്റർ തന്റെ സംഗീതസംവിധാനം ആരംഭിക്കുന്നത്. തുടർന്ന് കുറ്റം പള്ളിക്ക്് എന്ന നാടകത്തിനും സംഗീതം പകർന്നു. അതിന് ശേഷം ചങ്ങനാശ്ശേരി ഗീത, പീപ്പിൾസ് തിയറ്റർ, ദേശാഭിമാനി തിയറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, കെ.പി.എ.സി തുടങ്ങിയ നാടക സമിതികളിൽ പ്രവർത്തിച്ച അദ്ദേഹം 300 ഓളം നാടകങ്ങളിലായി ഏകദേശം 800 ഓളം ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് അർജ്ജുനൻ മാസ്റ്ററിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായം തുടങ്ങുന്നത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.

കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെയാണ് അർജ്ജുനൻ മാസ്റ്റർ സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിലെ മാനത്തിൻമുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങൾശ്രദ്ധേയങ്ങളായി തുടർന്ന് നിരവധി ചിത്രങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ ഈണം നൽകിയിട്ടുണ്ട്. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ശ്രീകുമാരൻതമ്പി അർജ്ജുനൻ ടീമിന്റെ ഗാനങ്ങൾ വളരെയേറെ ജനപ്രീതി നേടി.

2017 -ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിന് സം​ഗീതം ഒരുക്കിയതിനായിരുന്നു പുരസ്കാരം

ഇന്ത്യയുടെ സംഗീത സാമ്രാട്ട് എ ആർ റഹ്മാൻ ആദ്യമായി കീബോർഡ് വായിച്ച് തുടങ്ങിയത് അർജ്ജുനൻ മാസ്റ്ററുടെ കീഴിലായിരുന്നു.