ഫിലിപ്പ് ദ്വീപിൽ അപകടം; നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു.

ഫിലിപ്പ് ദ്വീപിൽ അപകടം; നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചു.

മെൽബൺ: ഓസ്‌ട്രേലിയൻ നഗരമായ വിക്ടോറിയയിലെ പട്രോളിങ് ഇല്ലാത്ത ഫിലിപ്പ് ദ്വീപ് ബീച്ചിൽ നാല് ഇന്ത്യക്കാർ മുങ്ങി മരിച്ചതായി കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. മെൽബണിലെ കോൺസുലേറ്റ് ജനറലിന്‍റെ സംഘം മരിച്ചവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്നും കമ്മീഷൻ അറിയിച്ചു. 20 വയസ്സ് പ്രായം വരുന്ന രണ്ടുപെൺകുട്ടികളും 23 വയസ്സുള്ള മറ്റൊരാളും 40 വയസ്സുള്ള ഒരു സ്ത്രീയും ആണ് മരണമടഞ്ഞത്. ഒരു കുടുംബത്തിൽപ്പെട്ടവരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനുവരി 25 ന് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 -ന് മൂന്ന് സ്ത്രീകളും ഒരു പുരുഷനും വെള്ളത്തിൽ മുങ്ങിതാഴുന്നതായി വിവരം അറിഞ്ഞ എമർജൻസി സർവീസ് പ്രതികരിച്ചതായി വിക്ടോറിയ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

പട്രോളിം​ഗ് ഇല്ലാത്ത ബീച്ചിലാണ് അപകടം നടന്നത്. സംഘത്തെ രക്ഷിക്കാനായി ഓഫ് ഡ്യൂട്ടി ​ഗാർഡുകൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാലാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. കടൽ ​ഗുഹകൾക്ക് പേരുകേട്ടതാണ് ഫിലിപ്പ് ദ്വീപ്. ലൈഫ് ഗാർഡുകളില്ലാതെ നീന്താനുള്ള അവസരം ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ അപകടങ്ങൾ ഇവിടെ സ്ഥിരമാണെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. 2018-ലും ഇവിടെ ഇന്ത്യക്കാർ മുങ്ങി മരിച്ചിരുന്നു.