ദശാബ്‌ദി തിരുനാൾ ഭക്തി സാന്ദ്രമായി ആഘോഷിച്ചു

മെൽബൺ:  മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളുടെ സമാപനത്തിനോടനുബന്ധിച്ചു നടത്തിയ ദശാബ്‌ദി തിരുനാൾ, വളരെ ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. മെൽബണിലെ ക്നാനായ സമുദായ അംഗങ്ങൾ എല്ലാവരുംതന്നെ ഈ ദശാബ്‌ധി തിരുനാളിൽ പങ്കെടുത്തത്, ഒരുവർഷമായി, ഇടവകാംഗങ്ങളെയെല്ലാം കോർത്തിണക്കിക്കൊണ്ടു, ഇടവകതലത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ പ്രതിഫലനവും, മെൽബണിൽ ഇപ്പോൾ നിലനിൽക്കുന്ന ഐക്യ കാഹളനാദത്തിന്റെ അഭംഗുരമായ കാഴ്ചയുമായി മാറി.

ഒക്ടോബർ 1 ഞായർ ഉച്ചക്ക് 3 മണിക്ക്, ഇടവക വികാരി ഫാ .അഭിലാഷ് കണ്ണാമ്പടം തിരുനാളിന് കൊടിയേറ്റുനടത്തി. മെൽബണിൽ ആദ്യമായി നടത്തിയ തിരുനാൾ റാസ കുർബാനയ്ക്ക്, കോട്ടയം അതിരൂപതാ സഹായമെത്രാൻ, അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, തിരുനാൾ സന്ദേശം നൽകുകയും ചെയ്തു.

ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ആരംഭിക്കുന്ന സമയത്തു, മെൽബൺ സെന്റ് മേരിസ് ഇടവക വികാരിയും ഇപ്പോൾ ബ്രിസ്‌ബേൻ ഹോളി ഫാമിലി ക്നാനായ മിഷൻ വികാരിയുമായ ഫാ: പ്രിൻസ് തൈപുരയിടത്തിൽ, ക്യാൻബറ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ചാപ്ലയിൻ ഫാ: ഡാലിഷ് കൊച്ചേരിൽ, ഫാ . ജെയിംസ് അരീച്ചിറ , ഫാ തോമസ് പേരുംകാട്ടിൽ തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു.

തുടർന്ന് നടന്ന വർണ്ണാഭമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ . വർഗീസ് കുരിശിങ്കൽ നേതൃത്വം നൽകുകയും, ഫാ. വർഗീസ് വാവോലി വിശുദ്ധകുർബ്ബാനയുടെ ആശിർവാദം നൽകുകയും ചെയ്തു. തുടർന്ന് തിരുനാളിൽ പങ്കെടുത്ത എല്ലാവരും സ്നേഹവിരുന്നിലും പങ്കുചേർന്നു.

ഇടവകാംഗങ്ങളായ 37 കുടുംബങ്ങൾ പ്രെസുദേന്തിമാരായാണ് ഈ ദശാബ്‌ദി തിരുന്നാൾ ആഘോഷമാക്കിയത്. സെന്റ് മേരിസ് ഇടവക ഗായകസംഘം, ബീറ്റ്‌സ് ഓഫ് മെൽബൺ ചെണ്ടമേളം & നാസിക് ധോൾ, മെൽബൺ സ്റ്റാർസ് ചെണ്ടമേളം എന്നിവരുടെ പ്രകടനങ്ങളും തിരുനാളിന് മാറ്റുകൂട്ടി.