സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി.

സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങി.

കൊച്ചി: പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (68) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് സിദ്ദിഖ്. എന്നെന്നും പ്രേക്ഷകര്‍ കണ്ട് ചിരിച്ചാസ്വദിച്ച, കാലഘട്ടങ്ങളെ അസ്ഥാനത്താക്കി ഇന്നും ആസ്വാദനതലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്.

കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദീഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും ചൊവ്വാഴ്ച രാത്രി ഒൻപതോടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 1989-ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും സജീവമായിരുന്നു.

എറണാകുളം ജില്ലയില്‍ കലൂരില്‍ ഇസ്മയില്‍ റാവുത്തറുടെയും സൈനബയുടെയും മകനായി 1954 മാര്‍ച്ച് 25നാണ് സിദ്ദിഖിന്റെ ജനനം. കളമശ്ശേരി സെന്റ് പോള്‍സ് കോളജ്, എറണാകുളം മഹാരാജാസ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഠനകാലത്ത് തന്നെ മിമിക്രി വേദികളിലേക്ക് ചുവടുറപ്പിച്ച സിദ്ദിഖ് അവിടെ നിന്നുമാണ് സിനിമ എന്ന കലയിലേക്ക് എത്തിയത്.

കൊച്ചിന്‍ കലാഭവനിലൂടെയാണ് സിദ്ദിഖും സുഹൃത്തായ ലാലും ശ്രദ്ധേയരായത്. ആ കൂട്ടുകെട്ടാണ് അനുകരണകലയുടെ വേദിയില്‍ നിന്ന് മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടായി മാറിയത്. 1981 സെപ്തംമ്പര്‍ 21-ന് കേരളത്തിലെ ആദ്യ മിമിക്‌സ് പരേഡ് അവതരിപ്പിച്ച ആറ് അംഗ സംഘത്തിലെ പ്രധാനികളായിരുന്നു സിദ്ദിഖും ലാലും. പ്രതീക്ഷിക്കാത്ത രീതിയിലുള്ള ബമ്പര്‍ ഹിറ്റായിരുന്നു ആദ്യത്തെ മിമിക്‌സ് പരേഡ്. മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരു കാലത്തിന്റെ അടയാളപ്പെടുത്തലായിരുന്നു കലാഭവൻ, ഹരിശ്രീ കാലം. പില്‍ക്കാലത്ത് സിനിമാവഴി തെരഞ്ഞെടുത്ത സിദ്ദിഖും ലാലും എറണാകുളം കച്ചേരിപ്പടിയിലെ മയൂര പാര്‍ക്ക് ഹോട്ടലിലെ 205-ആം റൂമിലിരുന്ന് എഴുതിയ കഥകള്‍ ഒക്കെയും മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളായി മാറുകയായിരുന്നു.

മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ഫാസിലിനൊപ്പം സംവിധാന സഹായികളായാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ സംവിധാന തുടക്കം. റാം ജിറാവു സ്പീക്കിംഗിലൂടെ സ്വതന്ത്ര സംവിധായകരായി. 1991-ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിരുവനന്തപുരത്ത് 404 ദിവസമാണ് തീയറ്ററുകള്‍ നിറഞ്ഞോടിയത്.. 1994-ല്‍ പുറത്തിറങ്ങിയ കാബൂളിവാലയുടെ കഥയാണ് ഇരുവരും ഒരുമിച്ച് പറഞ്ഞ് നിര്‍ത്തിയത്. ഇരുവരും പിരിഞ്ഞപ്പോള്‍ സിദ്ദിഖ് സംവിധാന രംഗത്ത് തന്നെ തുടര്‍ന്നു. ലാല്‍ അഭിനയരംഗത്തും. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്‌ലാൽ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല. വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ, കാബൂളിവാല, ഇൻ ഹരിഹർ നഗർ, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

സിദ്ദിഖിന്റെ സംവിധാന മികവ് മലയാളവും കടന്ന് ബോളീവുഡ് വരെയെത്തി. ബോഡിഗാര്‍ഡ് എന്ന ഒറ്റചിത്രത്തിലൂടെ ബോളീവുഡിലും ശ്രദ്ധേയനായി. സിദ്ദിഖിന്റേതായി അവസാനം പുറത്തുവന്നത് ബിഗ് ബ്രദര്‍ എന്ന ചിത്രമായിരുന്നു. തമിഴില്‍ വിജയ്, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രണ്ട്‌സ്, പ്രസന്ന, സാധു മിരണ്ടാല്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.