മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു.

മുൻ ഗവർണറും കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു.

തിരുവനന്തപുരം: മുൻ ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ വക്കം പുരുഷോത്തമൻ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മൂന്നു തവണ സംസ്ഥാന മന്ത്രിയായിട്ടുണ്ട്. രണ്ട് തവണ ലോക്സഭാ അംഗം, രണ്ട് തവണ ഗവർണർ, അഞ്ച് തവണ നിയമസഭാ അംഗവുമായി. ആന്റമണ്‍ നിക്കോബാര്‍ ദ്വീപിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്നു. ആൻഡമാനിലും മിസോറമിലും ഗവർണറായിരുന്നു. ഏറ്റവും അധികം കാലം നിയമ സഭാ സ്പീക്കർ ആയിരുന്ന നേതാവാണ്. ധനമന്ത്രി, സ്പീക്കർ എന്നി പദവികളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ചിട്ടുണ്ട്.

1928 ഏപ്രിൽ 12 ന് വക്കം കടവിളാകത്തു വീട്ടിൽ കെ. ഭാനുപ്പണിക്കരുടെയും ഭവാനിയുടെയും മകനായി ജനിച്ച പുരുഷോത്തമൻ 1946 -ൽ വിദ്യാർഥി കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തനരംഗത്തെത്തിയത്. 1952 ൽ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർഥിയായി മത്സരിച്ച് വക്കം പഞ്ചായത്ത് അംഗമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്നു ബിരുദവും അലിഗഡ് സർവകലാശാലയിൽനിന്ന് എംഎയും എൽഎൽബിയും പാസായശേഷം തിരുവനന്തപുരത്ത് അഭിഭാഷകനായി ജോലി ചെയ്യുന്നതിനിടെ ആർ.ശങ്കറിന്റെ നിർബന്ധം കാരണമാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലെത്തിയത്. ദീർഘകാലം ആറ്റിങ്ങലിൽ നിന്ന് നിയമസഭയിലെത്തി. രണ്ടു തവണ ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചു. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്‌, കെപിസിസി ജനറൽ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്‌ എന്നീ പദവികൾ വഹിച്ചു.

ഭാര്യ: മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. ലില്ലി. മക്കൾ: ബിനു, ബിന്ദു, പരേതനായ ബിജു.