ദേവേന്ദ്ര ഫഡ്‌നാവിസുമായി ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ദേവേന്ദ്ര ഫഡ്‌നാവിസുമായി ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തി. ഇന്ത്യ – ഓസ്ട്രേലിയ സ്ട്രാറ്റജിക് അലയൻസ് ചെയർമാൻ ജഗ്‌വീന്ദർ സിംഗ് വിർക്കും മറ്റ് അംഗങ്ങളും ആബട്ടിനൊപ്പമുണ്ടായിരുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇരു രാജ്യങ്ങൾ തമ്മിലും ഓസ്‌ട്രേലിയയും മഹാരാഷ്‌ട്രയും തമ്മിലും വ്യാപരബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ഇരു രാജ്യങ്ങളും ഒപ്പിടുന്ന ഈ സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) രാജ്യങ്ങൾക്കിടയിലുള്ള വ്യാപാരബന്ധം നാലിരട്ടി വർദ്ധിപ്പിക്കും. മഹാരാഷ്‌ട്ര ബിസിനസ്സുകാരുടെ ഒരു സംഘം ഓസ്ട്രേലിയ സന്ദർശിക്കാൻ തീരുമാനിച്ചു എന്നും ഫഡ്‌നാവിസ് ട്വീറ്റ് ചെയ്തു.

നാറ്റോയുടെ രൂപീകരണത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ രൂപികരണമാണ് ക്വാഡ് സഖ്യം എന്ന് ആബട്ട് പറഞ്ഞു. ഷിൻസോ ആബെയും നരേന്ദ്രമോദിയും മാത്രമാണ് ക്വാഡ് ആരംഭിക്കാൻ കാരണക്കാരായ ഏഷ്യൻ നേതാക്കൾ. അതുകൊണ്ടുതന്നെ നരേന്ദ്രമോദിയേയും ഷിൻസോ ആൽബേയേയും ക്വാഡിന്റെ രണ്ട് പിതാക്കന്മാരാണെന്ന് വിശേഷിപ്പിക്കാം. ഇരുവരോടും ലോകം വളരെയധികം കടപ്പെട്ടിരിക്കുന്നു എന്നും ടോണി ആബട്ട് പറഞ്ഞു.

യു.എസ് ആസ്ഥാനമായ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് അദാനി ഗ്രൂപ്പിനെതിരെ നടത്തിയ തട്ടിപ്പ് ആരോപണങ്ങൾ ടോണി ആബട്ട് നേരത്തെ തള്ളിയിരുന്നു. ബില്യണുകളുടെ നിക്ഷേപങ്ങളിലൂടെ ഓസ്‌ട്രേലിയയിൽ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിച്ചതിന് അദാനി ഗ്രൂപ്പിനെ മുൻ ഓസീസ് പ്രധാനമന്ത്രി പ്രശംസിച്ചു. ടോണി ആബട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.